രത്തൻ കേൽക്കറിന്റെ നിയമനം ഗുരുതര വിഷയം; രാഹുൽഗാന്ധി മറുപടി പറയണം: പി രാജീവ്

പി രാജീവ്, വി ഡി സതീശന്‍, രത്തൻ യു ഖേൽക്കര്‍
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച രത്തൻ യു കേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം ഗാരവമേറിയ വിഷയമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങളുണ്ടായി. വോട്ടുകൊള്ള നടക്കുന്നുണ്ടെന്ന് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് രാഹുൽഗാന്ധി തന്നെയാണ് ആരോപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് രത്തൻ ഖേൽക്കറുടെ നിയമനം യുഡിഎഫ് സർക്കാർ നടപ്പാക്കിയെന്നതിന് ഉത്തരം നൽകണമെന്നും രാജീവ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ അവിടുത്തെ ബിജെപി സർക്കാർ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെ എതിർത്തയാളാണ് രാഹുൽഗാന്ധി. 'വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം' എന്നാണ് അന്ന് രാഹുൽഗാന്ധി പ്രതികരിച്ചത്. അതേ രാഹുൽഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്.
സാധാരണ ഇത്തരം കാര്യങ്ങളിൽ ഒരു കൂളിങ് പിരീഡ് എങ്കിലും ഉണ്ടാകാറുള്ളതാണ്. ഇവിടെ അതുപോലുമുണ്ടാകാതെ മുഖ്യമന്ത്രിയുടെ തന്നെ സെക്രട്ടറിയായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച്, തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ച് രാഹുൽഗാന്ധിയുടെ പ്രതികരണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിന് ഗൗരവമേറും. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം രത്തൽ ഖേൽക്കറുടെ നിയമനത്തിൽ നിലപാട് വ്യക്തമാക്കണം. ബംഗാളിൽ എടുത്ത നിലപാട് തന്നെയാണോ കേരളത്തിലേതെന്ന് രാഹുൽ ഗാന്ധിയും മറുപടി നൽകണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.











0 comments