ഹോർമുസ് വീണ്ടും സംഘര്‍ഷ കേന്ദ്രം; ഇറാനെതിരെ യുഎസ് വ്യോമാക്രമണം, ബഹ്‌റൈനിലും കുവൈറ്റിലും മിസൈൽ മുന്നറിയിപ്പ്

ടെഹ്‌റാൻ: ഹൊർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ സൈനിക-സാമ്പത്തിക നടപടികളുമായി അമേരിക്ക. ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും റെവല്യൂഷണറി ഗാർഡിന്റെ അറുപതിലധികം ചെറുകപ്പലുകളും യുഎസ് സെൻട്രൽ കമാൻഡ് തകർത്തു. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇറാൻ പരസ്യമായി എണ്ണ വിൽക്കുന്നതിനുള്ള ലൈസൻസും അമേരിക്ക റദ്ദാക്കി.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം തുടങ്ങി. ഇതേത്തുടർന്ന് യുഎസ് അഞ്ചാം നേവി ഫ്ലീറ്റിന്റെ ആസ്ഥാനമായ ബഹ്റൈനിലും, യുഎസ് കരസേനയുള്ള കുവൈറ്റിലും മിസൈൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തങ്ങളുടെ പരമാധികാരത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി.
സംഘർഷത്തിന്റെ
പശ്ചാത്തലം
ഫെബ്രുവരി 28-ന് കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്ന ചടങ്ങുകൾ നടക്കുന്നതിനിടെയാണ് പുതിയ സംഘർഷങ്ങൾ ഉടലെടുത്തത്. ഹൊർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും യാത്രാ ഫീസും മറികടന്ന് ഒമാൻ തീരത്തുകൂടി സഞ്ചരിച്ച ഖത്തറിന്റെ എൽഎൻജി ടാങ്കർ ഉൾപ്പെടെ മൂന്ന് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.

വിലപേശലിന്റെ കാലം കഴിഞ്ഞു: "ഭീഷണിയുടെയും കരിഞ്ചന്തയുടെയും കാലം കഴിഞ്ഞു. ഇതിലൂടെ ഒന്നും നേടാനാകില്ല, ഞങ്ങൾ കീഴടങ്ങില്ല," ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബഫ്
ചർച്ചകൾ പ്രതിസന്ധിയിൽ
താത്കാലിക വെടിനിർത്തൽ കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ആണവ പദ്ധതികളെക്കുറിച്ചും ഹൊർമുസ് കടലിടുക്കിന്റെ സുരക്ഷയെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിൽ നിർണായക ചർച്ചകൾ നടക്കാനിരിക്കുകയായിരുന്നു. എന്നാൽ പുതിയ സൈനിക നീക്കത്തോടെ മിഡിൽ ഈസ്റ്റിൽ വീണ്ടും വലിയ യുദ്ധത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. നാറ്റോ ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിയിൽ ആയിരിക്കെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.










0 comments