ad
Deshabhimani

2008ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര: 38 പേരുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

Ahmedabad serial blasts Image Credit:  PTI

കേസിലെ പ്രതികള്‍ ( ഫയല്‍ചിത്രം ) | Image Credit: PTI

വെബ് ഡെസ്ക്

Published on Jul 08, 2026, 10:56 AM | 1 min read

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ 2008ലെ അഹമ്മദാബാദ് ബോംബ് സ്ഫോടന പരമ്പരക്കേസിൽ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. കേസിൽ മറ്റ് 11 പ്രതികൾക്ക് പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും കോടതി അം​ഗീകരിച്ചു. പ്രതികളില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്.


വധശിക്ഷയ്ക്കെതിരെ പ്രതികൾ നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ വൈ കോംജ്ജെ, സമീർ ദവെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ചരിത്രപരമായ ഉത്തരവ്. വധശിക്ഷ ലഭിച്ചവരിൽ മൂന്നുപേർ മലയാളികളാണ്. കോട്ടയം ഈരാറ്റുപേട്ട പീടിക്കൽ അബ്ദുൾ കരീമിന്റെ മക്കളായ ശിബിലി (47), ശാദുലി (45), മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്റെ മകൻ ഇ ടി ഷറഫുദ്ദീൻ (43) എന്നിവരാണ് വധശിക്ഷാപ്പട്ടികയിലുള്ള മലയാളികൾ. ആലുവ കുഞ്ഞനിക്കര പെരുന്തല്ലി മുഹമ്മദ് അൻസാറിനാണ് (45) ജീവപര്യന്തം തടവ്.


ചരിത്രത്തിൽ ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്. നിരോധിത ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരാണ് ശിക്ഷിക്കപ്പെട്ടവർ ഭൂരിഭാഗവും. ഇരകൾക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിച്ചുസ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകണം. 2027 മാർച്ച് 31-നകം ഈ തുക വിതരണം ചെയ്യാനാണ് കോടതി നിർദ്ദേശം.


2008 ജൂലൈ 26-ന് വൈകുന്നേരം 70 മിനിറ്റിനുള്ളിൽ അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളിലായി 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെടുകയും 240-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളെപ്പോലും ലക്ഷ്യമിട്ടായിരുന്നു അന്ന് ഭീകരർ സ്ഫോടനം നടത്തിയത്.


2022 ഫെബ്രുവരിയിലാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി കേസിൽ 49 പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്. ഈ വിധിക്ക് എതിരെ പ്രതികൾ സമർപ്പിച്ച അപ്പീലുകളാണ് ഒന്നര വർഷത്തോളം നീണ്ട വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷം ഹൈക്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home