കുടുംബവഴക്ക്: യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

എഐ പ്രതീകാത്മകചിത്രം
കോട്ടയം : കുടുംബവഴക്കിനെ തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇടുക്കി ചെറുതോണി സ്വദേശി ലിജേഷ്(41) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുറിച്ചിത്താനം കുന്നങ്കിയിൽ വീട്ടിൽ മക്കളോടൊപ്പം വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് കഴിഞ്ഞദിവസം മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിൽ ഇരുവരെയും വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ചൊവ്വ രാവിലെ 8.30ഓടെ വീണ്ടും വാക്കുതർക്കമുണ്ടായി.
തുടർന്ന് ലിജേഷ് മുറിയിൽ കയറി അകത്തുനിന്ന് വാതിൽ പൂട്ടി കരുതിവച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും പാലായിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. രണ്ട് മണിക്കൂർ നീണ്ട അനുനയ ശ്രമത്തിനൊടുവിൽ ലിജേഷിനെ പിന്തിരിപ്പിക്കാൻ പൊലീസിനായി. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.











0 comments