കൊച്ചിയിൽ ജാക്കി വെച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞു; പുനഃസ്ഥാപിക്കാൻ ശ്രമം; പ്രദേശത്ത് ജാഗ്രത

കൊച്ചി: എംജി റോഡിൽ ജാക്കി ഉപയോഗിച്ച് കെട്ടിടത്തിന്റെ അടിത്തറ ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞത് ആശങ്ക പരത്തുന്നു. ചരിഞ്ഞ കെട്ടിടം തൊട്ടടുത്ത കെട്ടിടത്തിൽ തട്ടി നിൽക്കുന്ന അവസ്ഥയാണുള്ളത്.
കെട്ടിടം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ ഇന്ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. അടിത്തറ ഉയർത്തുന്ന കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാർ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിക്കും. അപകടസാധ്യത കണക്കിലെടുത്ത് പൊലീസ് പ്രദേശം സീൽ ചെയ്തിട്ടുണ്ട്.
കെട്ടിടം പൂർവസ്ഥിതിയിലാകും വരെ സമീപവാസികളും പരിസരത്തുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നൽകി. സ്വകാര്യ വ്യക്തി വാടകയ്ക്ക് നൽകിയ കെട്ടിടത്തിലാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ ഇരുവശങ്ങളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളും ജനവാസമേഖലയുമുണ്ട്. ഭാഗ്യവശാൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടം സുരക്ഷിതമാക്കുന്നതുവരെ ജാഗ്രത തുടരുമെന്നും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.











0 comments