കിരീടവഴിയിൽ ഇനി ക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്ക് സ്വിസ് പരീക്ഷ; ഫ്രാൻസിന് മൊറോക്കോ

അറ്റ്‌ലാന്റ: കിരീടവഴിയിൽ ഇനി സെമിയിലേക്കുള്ള ജീവൻമരണ പോരാട്ടം. ലോകകപ്പിലെ റൗണ്ട് ഓഫ് 16 മത്സരങ്ങൾ പൂർത്തിയായതോടെ ക്വാർട്ടർ പോരാട്ടത്തിന് ടീമുകൾ തയ്യാറായി. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫ്രാൻസ്-മൊറോക്കോ ക്ലാസിക് പോരാട്ടത്തോടെയാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂലൈ പത്തിന് പുലർച്ചെ 1.30നാണ് മത്സരം.
പരാഗ്വായ്‌യെ ഒറ്റഗോളിന് തീർത്താണ് ഫ്രാൻസിന്റെ വരവ്. ആതിഥേയരായ കാനഡയെ പ്രീ ക്വാർട്ടറിൽ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് മൊറോക്കോയുടെ മുന്നേറ്റം. കിലിയൻ എംബാപ്പെയുടെ ഗോളടി മികവിൽ ഫ്രഞ്ച് പട കുതിക്കുമ്പോൾ, തുടർച്ചയായ രണ്ടാം ലോകകപ്പ് സെമി പ്രതീക്ഷയോടെയാണ് ആഫ്രിക്കൻ സംഘം കളത്തിലെത്തുന്നത്.
മുൻ ചാമ്പ്യൻമാരായ സ്‌പെയ്‌ൻ ക്വാർട്ടറിൽ ബൽജിയത്തെ നേരിടും. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്‌പെയ്‌നിന്റെ മുന്നേറ്റം. പകരക്കാരനായെത്തിയ മിക്കേൽ മെറീനോ വിജയഗോൾ നേടി. ബൽജിയം അമേരിക്കയെ 4–1ന് തകർത്തു.
അഞ്ച് തവണ ലോക ജേതാക്കളായ ബ്രസീലിനെ പ്രീക്വർട്ടറിൽ വീഴ്ത്തിയ നോർവെയ്ക്ക് ഇംഗ്ലണ്ടാണ് എതിരാളികൾ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. ലാറ്റിനമേരിക്കൻ സംഘത്തിന്റെ ആക്രമണ നീക്കങ്ങളെ ക്ഷമയോടെ നേരിട്ട നോർവെ കിട്ടിയ അവസരങ്ങളിൽ ആഞ്ഞടിച്ചാണ് ഞെട്ടിച്ചത്. നാലാം ലോകകപ്പ് കളിക്കുന്ന നോർവെയുടെ ആദ്യ ക്വാർട്ടറാണിത്.
ആതിഥേയരായ മെക്‌സിക്കോയെ വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഹാരി കെയ്‌നും പടയും 3–2ന് ക്വാർട്ടറിലേക്ക് വിജയമാർച്ച് ചെയ്‌തു. വെല്ലുവിളികൾ പലതും അതിജീവിച്ചായിരുന്നു ഇംഗ്ലീഷ് ജയം. പ്രതിരോധക്കാരൻ ജറേൽ ക്വാൻസ ചുവപ്പ് കാർഡ് പുറത്തായതോടെ 36 മിനിറ്റ് 10 പേരുമായാണ് പന്തുതട്ടിയത്. സമുദ്രനിരപ്പിൽനിന്നും ഏഴായിരം അടി ഉയരത്തിലുള്ള സ്‌റ്റേഡിയത്തിൽ 80,000 എതിർ കാണികൾക്ക് മുമ്പിലായിരുന്നു ഇൗ അതിജീവന പോരാട്ടം.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സ്വിറ്റ്സർലൻഡ് ആണ് എതിരാളികൾ. ക്വാർട്ടറിലേക്കുള്ള പ്രവേശം അർജന്റീന നാടകീയമായാണ് പൂർത്തിയാക്കിയത്. പ്രീക്വാർട്ടറിൽ ഇൗജിപ്‌തിനോട് 79 മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം 3–2ന്റെ വിജയമാണ് നേടിയത്. ലോകകപ്പിലെ ഏറ്റവും അവിശ്വസനീയമായ തിരിച്ചുവരവ്.
അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളംബിയയെ ഫീട്ടൗട്ടിൽ വീഴ്ത്തിയാണ് സ്വിറ്റ്സർലൻഡിന്റെ വരവ്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളടിച്ചില്ല. ഷൂട്ടൗട്ടിൽ സ്വിറ്റ്‌സർലൻഡ് നാലെണ്ണം വലയിലാക്കിയപ്പോൾ കൊളംബിയയ്ക്ക് മൂന്നെണ്ണം മാത്രമാണ് വലയിലെത്തിക്കാനായത്. 72 വർഷങ്ങൾക്കു ശേഷമാണ് സ്വിസ് പട ക്വാർട്ടറിലെത്തുന്നത്. 1954ലാണ് അവസാനമായി ക്വാർട്ടർ കണ്ടത്.












0 comments