ഹോർമുസ് കടലിടുക്കിൽ മൂന്ന് ടാങ്കറുകൾക്ക് നേരെ ആക്രമണം; സുരക്ഷാ ആശങ്ക രൂക്ഷം

പ്രതീകാത്മക ചിത്രം
ദുബായ്: ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ ടാങ്കറുകൾക്ക് നേരെ ആക്രമണം. ബ്രിട്ടീഷ് സൈനിക വിഭാഗമായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രൊജക്‌ടൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളിൽ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യ ആക്രമണത്തിൽ ഒമാൻ തീരത്ത് സഞ്ചരിക്കുകയായിരുന്ന ടാങ്കറിൽ പ്രൊജക്‌ടൈൽ പതിച്ച് തീപിടിച്ചു. രണ്ടാമത്തെ കപ്പലിന് സ്ട്രക്ചറൽ നാശനഷ്ടങ്ങൾ സംഭവിച്ചു.
മൂന്നാമത്തെ കപ്പലിന് നേരെ ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. ഇതിൽ രണ്ടെണ്ണത്തിന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ചിട്ടുണ്ട് - ഒന്ന് സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ ടാങ്കറും മറ്റൊന്ന് ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക ടാങ്കറായ 'അൽ റഖയാത്തു'മാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, തങ്ങൾ അംഗീകരിച്ച റൂട്ട് അല്ലാത്തത് ഉപയോഗിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന രീതിയിലാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഈ ആക്രമണം ലോക വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ആഗോളതലത്തിൽ വിപണനം ചെയ്യപ്പെടുന്ന എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്ന് സഞ്ചരിക്കുന്നത് ഈ കടലിടുക്കിലൂടെയാണ്. ആക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.










0 comments