സമൂസ വാങ്ങാൻ കടയുടെ മുന്നിൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ്; ദൃശ്യങ്ങൾ വൈറൽ

ഇൻഡോർ: സമൂസ വാങ്ങാൻ വേണ്ടി യാത്രക്കാരുമായി പോയ ട്രെയിൻ പാളത്തിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ്. മധ്യപ്രദേശിലെ ഇൻഡോർ - മൗ പാതയിലാണ് സംഭവം. റെയിൽവേ ഗേറ്റിന് സമീപമുള്ള കടയിൽ നിന്ന് ലോക്കോ പൈലറ്റ് സമൂസ വാങ്ങി ട്രെയിനിനുള്ളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ റെയിൽവേ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
പാളത്തിന് സമീപമുള്ള കടയിൽ നിന്നും ലോക്കോ പൈലറ്റ് സമൂസ വാങ്ങി തിരികെ ട്രെയിനിലേക്ക് കയറുന്ന ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് റെയിൽവേയ്ക്ക് എതിരെ ഉയരുന്നത്.
റെയിൽവേ ട്രാക്കിൽ ഇത്തരത്തിൽ ട്രെയിൻ നിർത്തിയിടുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ റെയിൽവേ ഇതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സാധാരണയായി ആ സിഗ്നൽ പോയിന്റിൽ ട്രെയിനുകൾ വേഗത കുറയ്ക്കാറുണ്ട്. എന്നാൽ സമൂസ വാങ്ങാൻ വേണ്ടിയാണോ ട്രെയിൻ പൂർണ്ണമായും നിർത്തിയിട്ടത് എന്ന് പരിശോധിച്ചു വരികയാണ്. ലോക്കോ പൈലറ്റിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.










0 comments