പാലക്കാട് കഞ്ചിക്കോട് അപൂർവ ഇനത്തിൽപ്പെട്ട മൺപാമ്പിനെ കണ്ടെത്തി

കഞ്ചിക്കോട്: വംശനാശം നേരിടുന്നതും അപൂർവ ഇനത്തിൽപ്പെട്ടതുമായ മൺപാമ്പിനെ (cardamom shield tail) കഞ്ചിക്കോട് മായപ്പള്ളത്ത് കണ്ടെത്തി. കർഷകനായ റിച്ചാർഡ് ഫ്രാൻസിസിൻ്റെ കൃഷിയിടത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഫോട്ടോ പകർത്തി സർപ്പ വൊളൻ്റിയർ കെ മയിൽസാമിക്ക് അയച്ചു നൽകി. മയിൽസാമി ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ചിത്രങ്ങൾ കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് അപൂർവ ഇനത്തിലുള്ള മൺപാമ്പാണെന്ന് തിരിച്ചറിഞ്ഞത്.
മണ്ണിനടിയിൽ ജീവിച്ച്, അപൂർവമായി മാത്രം പുറത്തു വരുന്ന സ്വാഭാവമാണിവയ്ക്ക് പിന്നീട് സർപ്പ വളൻ്റിയർമാരുടെ സംഘം സ്‌ഥലത്തെത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇവ മണ്ണിനടിയിലേക്ക് താഴ്ന്നു പോയിരിക്കാമെന്നാണ് ഇവർ പറയുന്നത്. നേരത്തെ നിലമ്പൂർ ഭാഗത്ത് നിന്നും പ്രത്യേക ഗവേഷണ സംഘം ഇതിനെ കണ്ടെത്തിയിരുന്നു. 1896-ൽ ബെൽജിയൻ-ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ ജോർജ് ആൽബർട്ട് ബോലെഞ്ച്വർ അന്നത്തെ തിരുവിതാംകൂറിലെ ഏലമലക്കാടുകളിൽനിന്ന് കണ്ടെത്തിയ മൺപാമ്പിനെ 130 വർഷത്തിന് ശേഷം വീണ്ടും നിലമ്പൂർ നിന്നും കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ച് ഗവേഷണങ്ങൾ നടക്കുന്നതിനിടെയാണ് കഞ്ചിക്കോട് നിന്നും മൺ പാമ്പിനെ കണ്ടെത്തിയത്.
ഏലമല മൺപാമ്പ്, കവചവാലന്മാർ (Cardamom Hills Earth Snake, Cardamom Shieldtail) എന്ന വർഗത്തിൽ വരുന്നവയാണിവ. പ്രശസ്ത ജന്തുശാസ്ത്രജ്‌ഞൻ എച്ച് എസ് ഫെർഗൂസന് ആദരസൂചകമായി റിനോഫിസ് ഫെർഗൂസനിയോസ് എന്നാണ് പാമ്പിന് ശാസ്ത്രീയനാമം നൽകിയത്. ന്യൂസീലൻഡ് ആസ്‌ഥാനമായുള്ള സൂട്ടാക് ശാസ്ത്ര ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ലണ്ടൻ നാച്വറൽ ഹിസ്‌റ്ററി മ്യൂസിയം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി വിഭാഗം, കേരള വനംവകുപ്പ് എട്രീ ബംഗളൂരു, സെൻകെൻബെർഗ് മ്യൂസിയം ജർമനി, ആരണ്യകം നെയ്‌ചർ ഫൗണ്ടേഷൻ എന്നീ സ്‌ഥാപനങ്ങളാണ് മൺ പാമ്പുമായി ബന്ധപ്പെട്ട പഠനത്തിൻ്റെ ഭാഗമായിട്ടുള്ളത്.









0 comments