"കഴുത്തിൽ കത്തിവെച്ചാണ് ബലാത്സംഗം ചെയ്തത്"; സഹപ്രവർത്തക ഒത്താശ ചെയ്തെന്ന് അതിജീവിത

തിരുവല്ല: തിരുവല്ലയിലെ സ്പായിൽ കാപ്പാ കേസ് പ്രതിയിൽനിന്ന് നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് അതിജീവിത. ക്വട്ടേഷനും ഗുണ്ടാപ്പിരിവുമാണ് നടന്നതെന്നും, സ്പായിലെ മറ്റൊരു ജീവനക്കാരി അതിക്രമത്തിന് ഒത്താശ ചെയ്തെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ക്വട്ടേഷൻ കിട്ടിയിട്ടാണ് വന്നതെന്ന് മരണ സുബിൻ തന്നോട് പറഞ്ഞതായി യുവതി വെളിപ്പെടുത്തി. കഴുത്തിൽ കത്തിവെച്ചാണ് ബലാത്സംഗം ചെയ്തത്. അതിക്രമത്തിന്റെ വീഡിയോ സുബിൻ ഫോണിൽ ചിത്രീകരിച്ചു. സ്‌പായിലെത്തിയ ആളിനെ തന്റെ ഒപ്പം കിടത്തി അയാൾക്കൊപ്പവും നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും യുവതി പറഞ്ഞു. പുറത്ത് വരുമ്പോൾ സഹപ്രവർത്തക പ്രതികളുമായി ചിരിച്ച് നിൽക്കുകയായിരുന്നു. ശാരീരികമായും മാനസികമായും താൻ തകർന്ന് പോയെന്നും ഭക്ഷണം കഴിക്കാൻ പോലുമാകുന്നില്ലെന്നും യുവതി പറഞ്ഞു.
ഇൗ മാസം ഒന്നിന് വൈകിട്ട് മൂന്നരയോടെ തിരുവല്ല മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന സ്‌പായിലാണ് സംഭവം. ആറംഗസംഘത്തിന്റെ നേതൃത്വത്തിൽ അതിക്രമിച്ചു കയറിയാണ് ജീവനക്കാരിയെ അക്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പനംവേലിൽ മരണ സുബിൻ എന്നുവിളിക്കുന്ന സുബിൻ അലക്സാണ്ടർ(28), രണ്ടാംപ്രതി തിരുവല്ല കുളക്കാട് മുപ്പിരിയിൽ ബർലിൻ ദാസ് പല്ലാട്ട്(38) എന്നിവരാണ് റിമാൻഡിലായത്. സുബിൻ കാപ്പാ കേസ് പ്രതിയാണ്.
മറ്റ് നാല് പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തിരുവല്ല ഡിവൈഎസ്‌പി ടി ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. മുഖ്യപ്രതി 16 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.










0 comments