ad
Deshabhimani

തദ്ദേശസ്ഥാപനങ്ങൾക്ക്‌ ശുചിത്വ റാങ്കിങ്‌ ; വൃത്തിയായി നടന്നാൽ 100/100 മാർക്ക്‌

ranking
avatar
ബിജോ ടോമി

Published on Aug 27, 2025, 01:30 AM | 1 min read


തിരുവനന്തപുരം

​അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം കൃത്യമാണെങ്കിൽ അഞ്ച്‌ മാർക്ക്‌. 80 ശതമാനത്തിൽ താഴെയാണെങ്കിൽ പൂജ്യം മാർക്കും. പൊതു ഇടങ്ങളിൽ കുറഞ്ഞത്‌ 50 ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അഞ്ച്‌ മാർക്ക്‌ ലഭിക്കും. എൻഫോഴ്‌സമെന്റ്‌ പ്രവർത്തനങ്ങൾ കാര്യക്ഷമവും വാട്‌സാപ്പിലൂടെ ലഭിക്കുന്ന പരാതികളിൽ സ്വീകരിക്കുന്ന നടപടികളിലുമായി ലഭിക്കുക 10 മാർക്ക്‌. ശുചിത്വ, മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ റാങ്കിങ്‌ നിർണയിക്കുന്നതിനുള്ള മാർഗരേഖയായി. പരിഗണിക്കേണ്ട കാര്യങ്ങൾ, ഫീൽഡ് പരിശോധന, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ വിശദമാക്കുന്ന മാർഗരേഖ സർക്കാർ അംഗീകരിച്ചു.


ആകെ 100ൽ ആണ്‌ മാർക്ക്‌. ഒമ്പതു വിഭാഗങ്ങളിലായി 40 ഘടകങ്ങളാണ്‌ പരിശോധിക്കുക. പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവക്ക്‌ പ്രത്യേകം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ആദ്യ മൂന്ന്‌ സ്ഥാനക്കാർക്ക്‌ പുരസ്കാരം നൽകും.


മാലിന്യശേഖരണത്തിനുള്ള കവറേജ്‌, അജൈവമാലിന്യ ശേഖരണ സംവിധാനങ്ങൾ, ജൈവമാലിന്യ സംവിധാനം, ദ്രവമാലിന്യ സംസ്‌കരണം, സാനിറ്ററി മാലിന്യം, എൻഫോഴ്‌സ്‌മെന്റ്‌ പ്രവർത്തനം, ക്യാമ്പയിനുകൾ, പദ്ധതി നിർവഹണം, പൊതുശുചിത്വം എന്നിവയാണ്‌ പരിശോധിക്കുക. നാല് ഘട്ടങ്ങളിലായാണ്‌ ഗ്രേഡിങ്‌. ആദ്യഘട്ടത്തിനായുള്ള വിവരം ആഗസ്‌തിൽ തദ്ദേശസ്ഥാപനങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ്‌ ചെയ്യണം. രണ്ടാം ഘട്ടത്തിൽ പ്രത്യേകം നിയോഗിച്ച സമിതി തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തും. അതാത്‌ തദ്ദേശസ്ഥാപനങ്ങൾ അപ്‌ലോഡ്‌ ചെയ്‌ത വിവരങ്ങൾ കൃത്യമാണോയെന്നാകും പരിശോധിക്കുക. യൂസർ ഫീസ്‌ രജിസ്റ്ററും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകളും രസീതുകളും പരിശോധിക്കും.


പൊതുശുചിമുറികൾ, ഹരിത പ്രോട്ടോക്കോൾ പാലനം, നിരീക്ഷണ ക്യാമറകൾ, ബിന്നുകൾ, മാലിന്യ നീക്കത്തിനുള്ള വാഹനങ്ങൾ എന്നിവ നേരിട്ട്‌ കണ്ട്‌ വിലയിരുത്തണം. മൂന്നാം ഘട്ടത്തിൽ ജില്ലാതല പരിശോധന നടക്കും. തുടർന്ന്‌ സംസ്ഥാനതല കമ്മിറ്റി അന്തിമ റാങ്കിങ് നിർണയിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home