print edition റാങ്ക് പട്ടികകൾ നീട്ടുന്നു; സംസ്ഥാനത്ത് നിയമന നിരോധനം

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on Sep 03, 2026, 01:00 AM | 1 min read
തിരുവനന്തപുരം : പിഎസ്‍സി റാങ്ക് പട്ടികകളുടെ കാലാവധി തുടർച്ചയായി നീട്ടുന്നത് നിയമന നിരോധനം മറയ്ക്കാനുള്ള തന്ത്രം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ ഇടിവുണ്ടായി. പട്ടികയിലുള്ളവർ പ്രതിഷേധം ശക്തമാക്കിയപ്പോൾ കാലാവധി നീട്ടി തടിയൂരാനാണ് ശ്രമം.
സെപ്‌തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് പട്ടികകളുടെ കാലാവധിയാണ് ആറ് മാസംകൂടി നീട്ടിയത്. നിലവിലെ റാങ്ക് പട്ടികയിലുള്ളവർക്ക് ഇത് ആശ്വാസം പകരുമെന്ന് തോന്നുമെങ്കിലും പുറത്തു നിൽക്കുന്നവർക്ക് അവസരം നഷ്ടമാകും. ഭൂരിഭാഗം തസ്തികകളിലും അഭിമുഖം ഉൾപ്പെടെ കഴിഞ്ഞ് പുതിയ റാങ്ക് പട്ടിക തയ്യാറാകുകയാണ്. ഇതിനെതിരെ പരീക്ഷ എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ കോടതിയിൽ സമീപിക്കും. റാങ്ക് നീട്ടൽ തുടർന്നാൽ പിഎസ്‌സിയുടെ തുല്യനീതി നിയമന സംവിധാനം അട്ടിമറിക്കപ്പെടും.
കാലാവധി അവസാനിച്ച് അടുത്തദിവസം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തുന്ന നിലവിലെ രീതിയും തകിടം മറിയും. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുപിന്നാലെ ആഗസ്‌ത് 31 നുള്ളിൽ കാലാവധി അവസാനിക്കുന്ന, സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ എല്ലാ പട്ടികകളുടെയും കാലാവധി മൂന്ന് മാസം നീട്ടിയിരുന്നു. പരീക്ഷകൾ സമയബന്ധിതമായി നടത്തി പട്ടിക യഥാസമയം പ്രസിദ്ധീകരിക്കുന്നതായിരുന്നു എൽഡിഎഫ് സർക്കാർ നയം.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമനം നടക്കാതെ വന്നപ്പോൾ പട്ടികകൾ നീട്ടിയിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കി. എൽഡിഎഫ് സർക്കാർ 10 വർഷംകൊണ്ട് 3,15,512 പേർക്കാണ് പിഎസ്‍സി വഴി നിയമന ശുപാർശ നൽകിയത്. മറ്റിടങ്ങളിൽ സ്ഥിരം തസ്തിക വെട്ടിക്കുറച്ച് താൽക്കാലിക നിയമനം നടത്തുമ്പോഴാണ് വർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തി യത്.
അധ്യാപകരോട് കൊടും വഞ്ചന
റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതുകൊണ്ടുമാത്രം അധ്യാപക നിയമനം നടക്കില്ല. കുട്ടികൾ കുറഞ്ഞതിനാൽ ഈ വർഷം 850നടുത്ത് എൽപി,യുപി സർക്കാർ അധ്യാപകർക്ക് തസ്തിക നഷ്ടപ്പെടും. തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പുനര്‍വിന്യസിക്കണം. ഇല്ലാത്ത തസ്തികകൾക്കായി റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് ഉദ്യോഗാർഥികളോടുള്ള വഞ്ചനയാണ്. അധ്യാപക–വിദ്യാര്‍ഥി അനുപാതം കുറച്ച് പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നാണ് ആവശ്യം.









0 comments