ad
Deshabhimani

രാമനാരായൺ ഭയ്യാലിനേറ്റത് ക്രൂരമർദ്ദനം; അടിച്ചത് ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കുന്ന വിധം; റിമാൻഡ് റിപ്പോർട്ട് പുറത്ത്

walayar mob lynching
വെബ് ഡെസ്ക്

Published on Dec 22, 2025, 03:22 PM | 1 min read

വാളയാർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട രാംനാരായൺ ഭയ്യാൽ നേരിട്ട ക്രൂരത വെളിവാക്കുന്ന പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ വാളയാർ ഇൻസ്പെക്ടർ എൻ എസ് രാജീവ് സമർപ്പിച്ച റിപ്പോർട്ടിലാണ് ക്രൂരമർദ്ദനത്തെക്കുറിച്ച് വിശദമാക്കുന്നത്. കേസിൽ നാല്‌ ബിജെപി പ്രവർത്തകരുൾപ്പെടെ അഞ്ച്‌ പേരാണ്‌ അറസ്റ്റിലായത്‌. സഹോദരിയെ തേടിയെത്തിയതാണെന്ന്‌ ഭയ്യാൽ പറഞ്ഞപ്പോൾ ബംഗ്ലാദേശിൽനിന്ന്‌ അനധികൃതമായി വന്നതല്ലേ എന്ന് ആക്രോശിച്ചാണ്‌ പ്രതികൾ അതിക്രൂരമായി മർദിച്ചത്‌.


പ്രതികൾക്കെതിരെ ബിഎൻഎസ് 103(1) വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം പൊലീസെത്തി ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്. കിഴക്കേ അട്ടപ്പള്ളം സ്വദേശി അനന്തൻ (55), ബിജെപി, ആർഎസ്എസ് പ്രവർത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു (38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ് (34), സി മുരളി (38), കിഴക്കേ അട്ടപ്പള്ളം കെ ബിബിൻ (30) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മുരളി, അനു എന്നിവർ 15 വർഷം മുമ്പ്‌ അട്ടപ്പള്ളത്ത് സിഐടിയു പ്രവർത്തകൻ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്.


ജില്ലാ ആശുപത്രിയിലെ ഡോ.സുബിൻ ഫ്രാൻസിസിൻ്റെ മൊഴി പ്രകാരം രാംനാരായണിൻ്റെ ശരീരത്ത് നിരവധി മുറിവുകളുണ്ടായിരുന്നെന്നും ചുണ്ടിലും മൂക്കിലും രക്തം വാർന്ന നിലയിലുമായിരുന്നുമെന്നുമാണ്. ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കുന്ന വിധത്തിലുള്ള മർദ്ദനവും മരണകാരണമായി എന്ന് റിപ്പോർട്ടിലുണ്ട്. ആൾക്കൂട്ട മർദ്ദനത്തിൻ്റെ വീഡിയോ ദൃശ്യങ്ങളിൽ കൂടുതൽ പേരുണ്ട്. ഇവരിൽ പ്രതികളെന്ന് പൊലീസ് സംശയിക്കുന്നയാളുകളിൽ പലരും സ്ഥലത്ത് നിന്നും മാറിയതായി പൊലീസ് പറയുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാൽ റിമാൻഡിലുള്ളവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് വാളയാർ ഇൻസ്പെക്ടർ എൻ എസ് രാജീവ് പറഞ്ഞു. കൂടുതൽ പേരുടെ അറസ്റ്റ് ക്രൈം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home