'എന്റെ അമ്മയെ നഷ്ടപ്പെട്ടത് കോൺഗ്രസിന്റെ കുടിപ്പകയിൽ'; കരുണാകരനും ആന്റണിക്കും എതിരെ ഉണ്ണിത്താൻ

രാജ്മോഹൻ ഉണ്ണിത്താൻ എംപി
തിരുവനന്തപുരം: തന്റെ അമ്മയെ നഷ്ടപ്പെട്ടത് കോൺഗ്രസിന്റെ കുടിപ്പകയിലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് കെ കരുണാകരനും എ കെ ആന്റണിക്കുമെതിരെ ഉണ്ണിത്താൻ ആഞ്ഞടിച്ചത്. തന്റെ അച്ഛനെ പാർട്ടി ചവിട്ടി തേയ്ക്കുന്നത് കണ്ട് എന്റെ മകൻ വേദനിച്ചിട്ടുണ്ട്.
അതുപോലെയായിരുന്നു തന്റെ അമ്മയുടെ മരണമെന്നും ജീവിതത്തിൽ മറക്കാൻ കഴിയാത്ത നിമിഷമായിരുന്നുവെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടത് ഹീനമായ രാഷ്ട്രീയത്തിന്റെ, ഈ കുടിപ്പകയുടെ ഒക്കെ ഒരു ഫലമാണെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
ഉണ്ണിത്താന്റെ വാക്കുകൾ;
എനിക്ക് കായംകുളത്ത് സീറ്റ് വന്നു, കെ. കരുണാകരൻ, അസംബ്ലിയിൽ, അന്ന് ലീഡർ എന്നോട് പറഞ്ഞു, നീ കായംകുളം പിടിക്കരുത്. കായംകുളം എ ഗ്രൂപ്പിന്റെ സീറ്റാണ്, തച്ചടി മത്സരിച്ച സീറ്റാണ്. നിനക്ക് ഞാൻ തൊട്ടടുത്ത സീറ്റ് അമ്പലപ്പുഴ തരാം, അത് നമ്മുടെ സീറ്റാണ്, നീ അവിടെ ജയിക്കും. എനിക്ക് സീറ്റ് തന്നു. കാരണം എഴുപത്തെട്ട് തൊട്ട് കൂടെയുള്ള ഒരാളാണ് ഞാൻ, ഗുലാം നബി ആസാദിന്റെ, വാസ്തവത്തിൽ പണിക്കർ ഉണ്ടാക്കിത്തന്ന വ്യക്തിയാണ്. ആ ഗുലാം നബി ആസാദിനാണ് കേരളത്തിന്റെ ചാർജ്. അന്ന് കെ.പി.സി.സി പ്രസിഡന്റ് മുരളിയാണ്. ചാക്കോ, മുരളി, ഞാനൊക്കെ അന്ന് വളരെ അടുപ്പമുള്ള സമയം. അങ്ങനെ സ്ഥാനാർത്ഥി പട്ടിക വന്നു 2001ൽ. അങ്ങനെ കായംകുളത്തെ സീറ്റ് എനിക്ക് തന്നു. തീരുമാനമെടുത്തു. അഞ്ചുമണിക്ക് പത്രസമ്മേളനം. ഗുലാം നബി വിളിച്ച് ലിസ്റ്റ് എല്ലാം എന്നെ കാണിച്ചു. കായംകുളം ഞാനാണ്.
എന്നിട്ട് ഞാൻ കെ. മുരളീധരനെയും പി. സി. ചാക്കോയെയും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചു. അപ്പൊ എനിക്കൊരു വിളി വന്നു, ടെൻ ജൻപതിയിൽ നിന്ന്. അത്യാവശ്യമായി എത്താൻ പറഞ്ഞു. ചാക്കോയുടെയും മുരളിയുടെയും സമ്മർദ്ദം കൊണ്ട് ഞാൻ വണ്ടിയെടുത്ത് ചെന്നു. ഗുലാം നബി ആസാദ് ഒരു കൊച്ചുകുട്ടിയെപ്പോലെ എന്നെ ടെൻ ജൻപതിയിൽ ചെല്ലുമ്പോൾ ചേർത്ത് നിർത്തിയിട്ട് എന്നോട് സോറി പറഞ്ഞു അഞ്ച് സീറ്റിലെ സ്ഥാനാർത്ഥികളെ എ.കെ. ആന്റണി വന്ന് മാറ്റി.
അവിടെ കായംകുളത്ത് നിങ്ങളെ മാറ്റി, അവിടെ ഹസ്സനെ വച്ചു. അഞ്ച് സീറ്റ് മാറ്റി. ഞാനേ പി. സി. ചാക്കോയ്ക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കാൻ മുരളീയെ കൊണ്ട് ഞാൻ പോകുമ്പോൾ എന്റെ അമ്മയെ വിളിച്ചു പറഞ്ഞു ഞാനാണ് കായംകുളത്തെ സ്ഥാനാർത്ഥി. ഞാന് സീറ്റ് പ്രഖ്യാപിച്ചാൽ നേരെ ഗുരുവായൂർ പോകും, അവിടുന്ന് കൊല്ലത്ത് വരും, അമ്മയെ കണ്ട് അമ്മയുടെ അനുഗ്രഹം വാങ്ങിച്ചിട്ടേ ഞാൻ കായംകുളത്ത് പോകുകയുള്ളൂ എന്ന് പറഞ്ഞപ്പോൾ അമ്മ അഞ്ചുമണിക്ക് ടി.വി. വച്ച് കാത്തിരിക്കുകയാണ് മകനെ കായംകുളത്ത് സ്ഥാനാർത്ഥിയാക്കുന്നത് കാണാൻ.
എന്നിട്ട് എന്താ പറ്റിയത്? അഞ്ചുമണിക്ക് ടി.വി. വച്ചു അമ്മ വാർത്ത കാണുകയാണ്. കായംകുളത്ത് നിന്ന് രാജ്മോഹനെ മാറ്റി എം എം ഹസ്സിനെ വച്ചു. ആ വാർത്ത കണ്ട് എന്റെ അമ്മ അന്ന് വീണു. പിന്നെ അമ്മയുടെ നാളുകൾ എണ്ണപ്പെട്ടു. പിന്നെ എ. കെ. ആന്റണി രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, എന്റെ വീട്ടിൽ എന്റെ അമ്മ മരിച്ചു കിടക്കുകയാണ്. എന്നെ അവസാനമായി കാണുവാൻ അമ്മ വിളിച്ചു.
"ഞാൻ ജീവിച്ചിരുന്നാൽ നീ ഇനി ഒന്നും ആവത്തില്ല, അമ്മയ്ക്ക് അത് കാണാനുള്ള ഭാഗ്യം ദൈവം തരില്ല. അതുകൊണ്ട് അമ്മ പോകുവാ. ഞാൻ മരിച്ചാലെങ്കിലും നീ രക്ഷപ്പെടും, പെടണം. അതുകൊണ്ട് അമ്മ പോകുവാ. അമ്മയ്ക്ക് മോൻ ഈ ഒരു വലിയ ആളാകുന്നത് കാണാൻ ഭാഗ്യം ദൈവം തരില്ല. ഞാൻ ജീവിച്ചിരുന്നാൽ ഇനിയും നീ ഒന്നും ആവത്തില്ല. അതുകൊണ്ട് അമ്മ പോകുവാ" ഇങ്ങനെയായിരുന്നു അമ്മയുടെ അവസാന വാക്കുകൾ. അപ്പൊ എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടത് ഹീനമായ രാഷ്ട്രീയത്തിന്റെ, ഈ കുടിപ്പകയുടെ ഒക്കെ ഒരു ഫലമാണ്.










0 comments