ad
Deshabhimani

പൊന്നുകായ്ക്കുന്ന മരമാണെങ്കിലും മുറിക്കണം; തരൂരിന് ചോറ് ഇവിടെയും കൂർ അവിടെയും: രാജ്‌മോഹൻ ഉണ്ണിത്താൻ

sasi tharoor.
വെബ് ഡെസ്ക്

Published on Dec 07, 2025, 03:28 PM | 1 min read

തിരുവനന്തപുരം: പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാൽ മുറിക്കണമെന്നും തരൂരിന് ചോറ് ഇവിടെയും കൂർ അവിടെയുമാണെന്നും ഇനി ബിജെപിയിലേക്ക് പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി.


'ഒരാളും അദ്ദേഹത്തിന്റെ കൂടെ ബിജെപിയിൽ പോകില്ല എന്ന് മനസിലാക്കണം. അച്ചടക്കമുള്ള പ്രവർത്തകർ പണി എടുത്തതിന്റെ ഫലമായാണ് വലിയ വിജയം അദ്ദേഹത്തിനുണ്ടായത്. മികച്ച പരിഗണനയാണ് എല്ലാതവണയും അദ്ദേഹത്തിന് കോൺഗ്രസ് നൽകിയത്. ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ച മോദിക്ക് തരൂർ പിന്തുണ നൽകുമ്പോൾ ക്രിസ്ത്യൻ-മുസ്‌ലിം സഹോദരങ്ങൾ എത്രത്തോളം വിഷമിക്കും. വലിയ അപരാധമാണ് അദ്ദേഹം ചെയ്യുന്നത്. ഭാര്യ സുനന്ദ പുഷ്കർ മരിച്ച കേസിൽ എല്ലാരും വേട്ടയാടിയപ്പോൾ ഒപ്പം നിന്നത് കോൺഗ്രസാണ്. അദ്ദേഹത്തിന്റെ മനസിലുള്ള കാര്യമൊന്നും നടപ്പാക്കുന്ന കാര്യമല്ല. തരൂർ താഴത്ത് കാണുമ്പോൾ ഞങ്ങൾ മാനത്ത് കാണും- ഉണ്ണിത്താൻ പറഞ്ഞു.


നടപടി സ്വീകരിച്ച് രക്തസാക്ഷി പരിവേഷത്തോടെ പാർടി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന് കോൺഗ്രസ് തയ്യാറല്ലെന്നും എന്താണേലും കോൺഗ്രസിന് ഗുണമുള്ള പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്ന് വ്യക്തമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ മുൻപും പറഞ്ഞിരുന്നു.


ബിഹാർ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിലും ശേഷവും കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും നിശിതമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്‌ത്തി പ്രവർത്തകസമിതിയംഗം ശശി തരൂർ കഴിഞ്ഞയാഴ്ച രംഗത്ത് വന്നിരുന്നു. രാംനാഥ്‌ ഗോയങ്ക അനുസ്‌മരണ പ്രഭാഷണത്തിൽ മോദിക്കൊപ്പം പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നും തരൂർ അന്ന് പറഞ്ഞു.


‘ഇന്ത്യയുടെ പുരോഗതിക്കായി അക്ഷീണം യത്‌നിക്കാൻ പ്രധാനമന്ത്രി ആഹ്വാനം നൽകി. മെക്കാളെ സൃഷ്‌ടിച്ചതും 200 വർഷമായി തുടരുന്നതുമായ അടിമ മനോഭാവത്തെ മാറ്റിയെടുക്കുന്നതിനുള്ള പ്രതിജ്‌ഞാബദ്ധത പ്രകടമാക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. ഇന്ത്യയുടെ പൈതൃകത്തിലും ഭാഷയിലും വിജ്‌ഞാന സംവിധാനങ്ങളിലുമുള്ള അഭിമാനം പുനഃസ്ഥാപിക്കുന്നതിനായി 10 വർഷത്തെ ഒരു ദേശീയ പദ്ധതിയും അദ്ദേഹം വിഭാവനംചെയ്‌തു–തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.


മോദിയെ തുടർച്ചയായി പുകഴ്‌ത്തുന്ന തരൂർ കഴിഞ്ഞിടയ്ക്ക് ലേഖനത്തിലൂടെ നെഹ്‌റു കുടുംബത്തെ നിശിതമായി വിമർശിച്ചതും വിവാദമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home