കുമ്മനടിച്ച് രാജീവ് ചന്ദ്രശേഖർ; സ്‌റ്റേജിലിരുന്ന് മുദ്രാവാക്യ പ്രഹസനവും

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ പരിഹാസ്യ പ്രകടനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നേരത്തെ സ്റ്റേജിലെത്തി ഒറ്റയ്ക്കിരുന്ന് മുദ്രാവാക്യം വിളിച്ച ബിജെപി സംസ്ഥാനപ്രസിഡന്റിന്റെ പ്രവൃത്തി വ്യാപക വിമർശനം ക്ഷണിച്ചുവരുത്തി. ധനകാര്യമന്ത്രിയുൾപ്പടെ സംസ്ഥാന മന്ത്രിമാരെല്ലാം സദസിലിരിക്കെയാണ് രാജീവ് ചന്ദ്രശേഖരന്റെ വിലകുറഞ്ഞ പ്രകടനമുണ്ടായത്. വിഴിഞ്ഞം തുറമുഖം കമീഷനിങ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാനിരിക്കെയാണ് മുദ്രാവാക്യപ്രഹസനവുമായി അദ്ദേഹം രംഗത്തെത്തിയത്.
കേന്ദ്രസര്‍ക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയില്‍ അന്തിമ തീരുമാനമെടുത്തത്. സംസ്ഥാനസർക്കാർ നൽകിയ ലിസ്റ്റിൽ രാജീവ് ചന്ദ്രശേഖരന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേര് കൂട്ടിചേർക്കുകയായിരുന്നു. മുമ്പ് കൊച്ചി മെട്രോ ഉദ്‌ഘാടനം ചെയ്‌തപ്പോൾ പ്രധാനമന്ത്രിയോടൊപ്പം കോച്ചിൽ പ്രത്യക്ഷപ്പെട്ട അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നടപടി ‘കുമ്മനടി’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. അത് കുമ്മനത്തിന് വലിയ ക്ഷീണമായി. ഇത് സംഭവം ഓർമ്മിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രോൾപൂരമാണ്.









0 comments