ad
Deshabhimani

മതനിരപേക്ഷതയെ കുറിച്ച് പറയാൻ വി ഡി സതീശന് അർഹതയില്ല: രാജീവ് ചന്ദ്രശേഖർ

rajeev vd
വെബ് ഡെസ്ക്

Published on Jun 14, 2026, 10:34 PM | 2 min read

തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ പങ്കെടുത്ത സർവകലാശാലാ വൈസ് ചാൻസിലർമാരെ വിമർശിച്ച മുഖ്യമന്ത്രി വി ഡി സതീശനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചോ മതേതരത്വത്തെക്കുറിച്ചോ സംസാരിക്കാൻ സതീശന് യാതൊരു ധാർമ്മിക അവകാശവുമില്ലെന്ന് രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി, ആർഎസ്എസ് മേധാവി പങ്കെടുത്ത പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ വിസിമാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര നിലപാടുകളുള്ള സംഘടനകളെയും ജമാഅത്തെ ഇസ്‌ലാമിയെയും സാധാരണവൽക്കരിച്ച ഒരാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.


ആർഎസ്എസിനെയും ബിജെപിയെയും കാണിച്ച് ജനങ്ങളിൽ ഭയമുണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കാലം കഴിഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ കേരള, മഹാത്മാഗാന്ധി, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസിലർമാർ പങ്കെടുത്തത് ഗുരുതരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ബിജെപി അധ്യക്ഷന്റെ പ്രസ്താവന.


സതീശന്റെ പോസ്റ്റിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ "ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നവർ മാപ്പുപറയുകയാണെങ്കിൽ, ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്" എന്നായിരുന്നു കെ സുരേന്ദ്രൻ കുറിച്ച മറുപടി.


ശബരിമല സ്വർണ്ണ നഷ്ടക്കേസിലെ പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിലും രാജീവ് ചന്ദ്രശേഖർ ചോദ്യങ്ങൾ ഉന്നയിച്ചു. വിവാദത്തെ തുടർന്ന് അഡ്വ. കെ ബി പ്രദീപ് രാജി വെച്ചെങ്കിലും, ഈ നിയമനത്തിന് പിന്നിൽ അന്വേഷണം അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടവർ അധികാരത്തിൽ വന്നപ്പോൾ നിലപാട് മാറ്റിയെന്നും ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ ബിജെപി സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home