രാജ്‌ഭവന്റെ അനാവശ്യ ഇടപെടൽ ; സർവകലാശാലകൾ സ്തംഭനത്തിലേക്ക്

എസ്എഫ്ഐ കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ഫോട്ടോ സുമേഷ് കോടിയത്ത്
തിരുവനന്തപുരം
ഇല്ലാത്ത അധികാര പ്രയോഗങ്ങളിലൂടെ ചാൻസലറായ ഗവർണർ നടത്തുന്ന ഇടപെടൽ കേരളത്തിലെ സർവകലാശാലകളെ വീണ്ടും സംഘർഷഭൂമിയാക്കുന്നു. കേരളം കണ്ട ശക്തമായ വിദ്യാർഥി മുന്നേറ്റമാണ് ചൊവ്വാഴ്‌ച വിവിധ സർവകലാശാലകളിൽ നടന്നത്. ഗവർണർ ആരിഫ്‌മൊഹമ്മദ് ഖാൻ നടത്തിയ ധിക്കാരപരമായ ഇടപെടലുകളിൽ നിരന്തര സംഘർഷത്തിലായിരുന്ന കാലത്തുനിന്ന് അക്കാദമിക് പ്രവർത്തനം സജീവമാകവെയാണ് രാജേന്ദ്ര വിശ്വനാഥ ആർലേക്കറും അതേ നയവുമായി എത്തുന്നത്. ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് സംഘപരിവാർ സംഘടനകൾക്ക് സർവകലാശാലകൾ കൈയേറാൻ അവസരമൊരുക്കിയതാണ് പുതിയസംഘർഷത്തിന് കാരണം. ഗവർണറുടെ നടപടികൾ നിയമപരമല്ലെന്ന് ഹൈക്കോടതിയടക്കം പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും ധിക്കാരപൂർവമുള്ള നടപടി രാജ്‌ഭവൻ തുടരുകയാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യത്തിന് തന്നെ മാതൃകയാണ്. നിതി ആയോഗും വിവിധ ഗ്രേഡിങ് ഏജൻസികളും നൽകിയ റാങ്ക് ഇത് തെളിയിക്കുന്നു. അപ്പോഴാണ് അക്കാദമിക് പ്രവർത്തനം ഏറ്റവും മികച്ച നിലയിൽ നടത്താൻ ബാധ്യതയുള്ള ഗവർണർ തന്നെ സർവകലാശാലകളെ തകർക്കു ന്നത്.
സിൻഡിക്കറ്റിന്റെ അധികാരം പോലും മാനിക്കാതെ രജിസ്‌ട്രാറെ സസ്‌പെൻഡ് ചെയ്ത കേരള വിസിയുടെ നടപടിയാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം. രജിസ്‌ട്രാറെ നിയമിക്കുന്ന സിഡിക്കറ്റിനാണ് നടപടിക്കും അധികാരം. ചട്ടവിരുദ്ധമായി സെനറ്റ്‌ഹാളിൽ കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം വച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ രജ്‌സ്‌ട്രാറെ സസ്‌പെൻഡ് ചെയ്യാനുമാകില്ല. രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ കേരള സർവകലാശാല ആസ്ഥാനം ആർഎസ്‌എസ് കേന്ദ്രമാക്കാനുള്ള നീക്കമാണ് നടത്തു ന്നത്.
യോഗ്യതകളോ മാനദണ്ഡമോ പാലിക്കാതെയായിരുന്നു കുന്നുമ്മലിന്റെ നിയമനം. യുജിസി പറയുന്ന പ്രവൃത്തി പരിചയമോ പ്രായത്തിന്റെ മാനദണ്ഡമോ നോക്കിയില്ല. തുടരാൻ യോഗ്യതയില്ലെന്നത് കോടതി അംഗീകരിച്ചുവെങ്കിലും സാങ്കേതികത്വത്തിന്റെ പേരിൽ കടിച്ച് തൂങ്ങുകയാണ്. അയോഗ്യരായവരെയാണ് സെനറ്റിലും തിരുകി കയറ്റിയത്. ഈ കേസിൽ ഇനിയും വിധി ആയിട്ടില്ല.









0 comments