രാജൻ കൊലക്കേസിൽ ഈച്ചരാവാര്യർക്കുവേണ്ടി സാക്ഷിപറഞ്ഞ ഏക വിദ്യാർഥിയാണ് കോഴഞ്ചേരി സ്വദേശിയും എൻജിനീയറുമായ തോമസ് ജോർജ്
"വിദ്യാർഥികൾ കാൺകെയാണ് രാജനെ അറസ്‌റ്റ് ചെയ്‌തത്"

അനിൽ കുറിച്ചിമുട്ടം
Published on Jun 26, 2025, 12:34 AM | 1 min read
കോഴഞ്ചേരി
‘‘പല വിദ്യാർഥികളും കാൺകെയാണ് ഹോസ്റ്റൽ വളപ്പിൽനിന്ന് രാജനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സാക്ഷി പറയാൻ ആരും തയ്യാറായില്ല. സാക്ഷി പറഞ്ഞാൽ ഭരിക്കുന്നവർക്കും പൊലീസിനും എതിരാകുമെന്നും അത് അപകടം ക്ഷണിച്ചുവരുത്തുമെന്നും എല്ലാവരും ഭയന്നു’’–- ഇതുപറയുമ്പോൾ തോമസ് ജോർജ് കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളേജിലെ പഴയ വിദ്യാർഥിയായി മാറി.
അടിയന്തരാവസ്ഥയുടെ ക്രൂരമായ അധ്യായമായ രാജൻ കൊലക്കേസിൽ സാക്ഷിപറയാൻ ധൈര്യംകാണിച്ച ഏക വിദ്യാർഥിയാണ് കോഴഞ്ചേരി സ്വദേശി തോമസ് ജോർജ്. പൊലീസ് പിടിച്ചുകൊണ്ടുപോയ മകനെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് രാജന്റെ അച്ഛൻ ഈച്ചരവാര്യർ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ സാക്ഷി പറയാൻ ആർക്കും ധൈര്യമില്ലായിരുന്നു. ഭരണവർഗത്തിന്റെയും പൊലീസിന്റെയും കോപത്തിനിരയാകുമെന്ന ഭയമായിരുന്നു എല്ലാവർക്കും. പക്ഷേ, രാജന്റെ ജൂനിയറായി പഠിച്ച തോമസ് ജോർജ് ധൈര്യപൂർവം ഈച്ചരവാര്യർക്ക് അനുകൂലമായി നിന്നു. ‘രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് കണ്ടു’ എന്ന് സാക്ഷിപറഞ്ഞത് കേസിൽ വഴിത്തിരിവായി.
1976 ഫെബ്രുവരി 28 രാത്രി നക്സലൈറ്റുകൾ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് രാജനെ അറസ്‌റ്റ് ചെയ്‌തത്. എന്നാൽ രാജനോ ആർഇസിയിലെ മറ്റു വിദ്യാർഥികളോ കായണ്ണ ആക്രമണത്തിൽ പങ്കെടുത്തിരുന്നില്ല. സ്റ്റേഷൻ ആക്രമിച്ച പതിമൂന്ന് അക്രമികളിൽ രണ്ടു പേർ ‘രാജൻ’ എന്ന് പേരുള്ളവരായിരുന്നു. ആക്രമണത്തിനിടെ കുന്നേൽ കൃഷ്‌ണൻ എന്ന നക്‌സൽ നേതാവിന്റെ വിരലിൽ പൊലീസ് കടിച്ച് മുറിവേൽപ്പിച്ചിരുന്നു. സംശയത്തിന്റെ പേരിൽ കോളേജ് ഹോസ്റ്റലിൽനിന്നും രാജനെ അറസ്റ്റു ചെയ്യുമ്പോൾ അയാളുടെ വിരലിലും ഒരു മുറിവുണ്ടായിരുന്നു. എന്നാലത് നാടക സ്റ്റേജിൽനിന്ന് മുറിവേറ്റതായിരുന്നുവെന്നും തോമസ് ജോർജ് പറയുന്നു.
തോമസ് ജോർജ് കോഴിക്കോട് റീജയണൽ എൻജിനീയറിങ് കോളേജിൽനിന്ന് 1977ൽ ബിരുദം നേടിയ ശേഷം കൊച്ചിൻ സർവകലാശാലയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ എംടെകും നേടി വിവിധ രാജ്യങ്ങളിൽ ഉന്നത പദവികളിൽ ജോലി ചെയ്തു. ഇപ്പോൾ കുടുംബസമേതം എറണാകുളത്താണ് താമസം. രാജൻ കേസിനെക്കുറിച്ച് 2018ൽ തോമസ് ജോർജ് എഴുതിയ "രാജൻ കേസ്' എന്ന പുസ്തകം ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.









0 comments