വീഴ്‌ച പറ്റിയെന്ന് രാജ്‌ഭവൻ അപ്പീൽ അധികാരി
വിവരാവകാശത്തെ പേടിച്ച് രാജ്‌ഭവൻ ; ഉത്തരം നൽകാൻ മടി

കൊച്ചി
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ രാജ്‌ഭവന് മടി. അപ്പീലുകൾക്ക് ഒടുവിൽ വിവരാവകാശ കമീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കിയതാകട്ടെ ഭാഗിക മറുപടിയും. കമീഷൻ നിശ്ചയിച്ച തീയതിയും കഴിഞ്ഞാണ് ഇത്.
സർക്കാരിനെതിരെ 2019 സെപ്‌തംബർ 10 മുതൽ 2024 ജൂൺ 30 വരെ രാജ്‌ഭവൻ നടത്തിയ കേസുകൾ, ഹാജരായ അഭിഭാഷകർ,- ഫീസ്, കേസുകളുടെ സ്ഥിതി എന്നിവയുൾപ്പെടെ ആറ് ചോദ്യമാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല ഉന്നയിച്ചത്.
സർക്കാരിനെതിരെ കേസ് നടത്തുന്നില്ലെന്നും ചാൻസലർ എന്ന നിലയിൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുണ്ടെന്നും ആദ്യ ചോദ്യത്തിന് മറുപടി നൽകി. കേസ് നടത്തിപ്പിന് സ്റ്റാൻഡിങ് കോൺസലിനെ നിയോഗിച്ചിട്ടുണ്ടെന്നും ഫീസ് ഇനത്തിൽ നൽകിയ തുകയുടെ വിവരം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നുമാണ് രണ്ടാംചോദ്യത്തിനുള്ള ഉത്തരം. വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് മൂന്നാമത്തെ മറുപടിയിൽ.
രണ്ടും മൂന്നും ചോദ്യങ്ങൾക്ക് വ്യക്തമാായ മറുപടി നൽകാത്തത് വിവരാവകാശ നിയമത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകൻ അപ്പീൽ നൽകി. വിവരങ്ങൾ മറച്ചില്ലെന്നും വീഴ്‌ചയാണെന്നുമാണ് രാജ്‌ഭവൻ അപ്പീൽ അധികാരിയുടെ തീർപ്പ്. അപേക്ഷകൻ മുഖ്യ വിവരാകാശ കമീഷണറെ സമീപിച്ചപ്പോൾ അഭിഭാഷകരുടെ പേര്, മാസ പ്രതിഫലം എന്നിവ 10 ദിവസത്തിനുള്ളിൽ നൽകാൻ മെയ് 31ന് ഉത്തരവിട്ടു.
വിവിധ കാലയളവിൽ നിയമ ഉപദേശകരായി മൂന്നുപേരും സ്റ്റാൻഡിങ് കോൺസലായി രണ്ടുപേരും സേവനം അനുഷ്‌ഠിച്ചെന്ന് പേര് സഹിതം മറുപടി നൽകി. ആദ്യവ്യക്തിക്ക് മാസം 25,000 രൂപവീതവും തുടർന്ന് രണ്ടുപേർക്ക് 50,000 രൂപയുമാണ് മാസ ഓണറേറിയം നൽകിയത്. ആദ്യത്തെയാൾ 39 മാസംകൊണ്ട് കൈപ്പറ്റിയത് 9.75 ലക്ഷംരൂപ.
രണ്ടാമത്തെയാൾക്ക് നൽകിയത് 19 മാസത്തേക്ക് 9.50 ലക്ഷം. മൂന്നാമത്തെ വ്യക്തി 2024 മെയ്‌മുതൽ തുടരുന്നു. ഈ മെയ്‌വരെ നൽകിയത് 6.50 ലക്ഷം. തീർപ്പാക്കിയ കേസിന് സ്റ്റാൻഡിങ് കോൺസലിന് 10,000 രൂപവീതം ഓഫീസ്, കോടതി ചെലവുകൾ അനുവദിച്ചെന്ന വ്യക്തതയില്ലാത്ത മറുപടിയും നൽകി. ഉത്തരവുപ്രകാരം ജൂൺ 10നാണ് മറുപടിനൽകേണ്ടത്. എന്നാൽ, നൽകിയത് 12ന്. അപേക്ഷകന് ലഭിച്ചത് 18നും.









0 comments