ad
Deshabhimani

print edition ഓണക്കാല യാത്ര ദുരിതത്തിൽ; ടിക്കറ്റില്ല, സീറ്റുമില്ല

ഓണത്തിന്‌ നാട്ടിലെത്താൻ  ടിക്കറ്റില്ല

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 23, 2026, 12:31 AM | 1 min read

പാലക്കാട്‌: ഓണം ആഘോഷിക്കാൻ നാട്ടിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ടിക്കറ്റ്‌ കിട്ടാതെ വലഞ്ഞ്‌ മലയാളികൾ. പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടും തിരക്ക് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്‌. ഇനി ജനറൽ കമ്പാർട്ട്‌മെന്റിൽ കയറി പോവാമെന്ന്‌ വച്ചാൽ കാലുകുത്താൻ പോലും ഇടമില്ലാതെയാണ്‌ ട്രെയിനുകൾ ഓടുന്നത്‌.


ഓണക്കാലത്ത്‌ അനുവദിച്ച പ്രത്യേക ട്രെയിനുകൾക്കും തിരക്ക്‌ നിയന്ത്രിക്കാനാകുന്നില്ല. അവധിക്കാലത്ത്‌ നാട്ടിലെത്താൻ ഒരൊറ്റ വണ്ടികളിലും ടിക്കറ്റ്‌ കിട്ടാനില്ല. നിമിഷ നേരത്തിനുള്ളിലാണ്‌ തത്‌കാൽ ടിക്കറ്റുകൾ കാലിയാകുന്നത്‌.


എസി കോച്ചുകളിൽ ഉൾപ്പെടെ ചില ട്രെയിനുകളിൽ വെയിറ്റിങ്‌ ലിസ്റ്റ്‌ 100നും മുകളിൽ. സാധാരണക്കാർക്ക്‌ ആശ്വാസമാകുന്ന സ്ലീപ്പർ ടിക്കറ്റുകൾ ഓൺലൈൻ ബുക്കിങ്‌ സൈറ്റുകളിൽ നിർജീവം. ഓണത്തിന്‌ ദിവസങ്ങൾ ബാക്കിനിൽക്കെ മറ്റ്‌ സംസ്ഥാനങ്ങളിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരും തിരിച്ച്‌ നാട്ടിലെത്താൻ സാധിക്കാതെ നിൽക്കുകയാണ്‌.


ദീർഘ ദൂര സർവീസുകൾ കൂടാതെ സംസ്ഥാനത്തിന്‌ അകത്തുള്ള ജില്ലാന്തര യാത്രകൾക്കും ടിക്കറ്റ്‌ ലഭിക്കുന്നില്ല. ആഘോഷക്കാലത്ത്‌ ട്രെയിനുകളിൽ മതിയായ ടിക്കറ്റ്‌ ഇല്ലാത്തത്‌ തുടർക്കഥയാകുകയാണ്‌. കഴിഞ്ഞ ഓണക്കാലത്തും വിഷുവിനും തൽസ്ഥിതി തുടർന്നു. എന്നിട്ടും പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകൾ റെയിൽവേ നടത്തിയിട്ടില്ല. കഴിഞ്ഞവർഷം നിരവധി ട്രെയിനുകളിൽ കോച്ചുകൾ വെട്ടിച്ചുരുക്കിയിരുന്നു.


ഇവ പുനഃസ്ഥാപിക്കാനുള്ള ആലോചനകളുമില്ല. അവസ്ഥ മുതലെടുത്ത്‌ സ്വകാര്യ സൂപ്പർ ഡീലക്സ്, സ്ലീപ്പർ ബസുകൾ യാത്രക്കൊള്ള നടത്തുന്നുണ്ട്‌. സാധാരണ ടിക്കറ്റ്‌ നിരക്കിനേക്കാൾ അമിത തുകയാണ്‌ ഇ‍ൗടാക്കുന്നത്‌.

നേരത്തെ 2,500 രൂപ ടിക്കറ്റ്‌ നിരക്ക്‌ ഉണ്ടായിരുന്ന യാത്രകൾക്ക്‌ ഇപ്പോൾ 5,000 രൂപവരെ നൽകണം. മറ്റ്‌ വഴികളില്ലാതെ യാത്രക്കാർ മടക്കയാത്രയ്‌ക്കടക്കം ബസുകളെയാണ്‌ ആശ്രയിക്കുന്നത്‌.


കഴിഞ്ഞ ഓണം, വിഷു തിരക്കിൽ സംസ്ഥാനത്തിന്‌ അകത്തെ യാത്രകൾക്ക്‌ കെഎസ്‌ആർടിസിയുടെ അധിക സർവീസുകൾ ആശ്വാസമായിരുന്നു. ഇത്തവണ ബസുകളുടെ എണ്ണത്തിലുള്ള കുറവും ആശങ്ക വർധിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home