ad
Deshabhimani

നവീകരണം തകൃതി

print edition യാത്രക്കാരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം അകലെ

Railway Station

സ്റ്റേഷനിനുമുന്നിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിലെ തിരക്ക്

വെബ് ഡെസ്ക്

Published on May 11, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നടത്തുന്ന വികസനപ്രവർത്തനം യാത്രക്കാരുടെ ആവശ്യങ്ങൾക്ക്‌ പരിഹാരമാകില്ലെന്ന്‌ കണ്ടെത്തൽ. നാലുവർഷത്തിനകം പൂർത്തീകരിക്കുന്ന പദ്ധതിയിൽ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ കയറാനും ഇറങ്ങാനും വ്യത്യസ്‌ത ടെർമിനലാണ്‌ വിഭാവനം ചെയ്യുന്നത്‌. പ്ലാറ്റ്‌ഫോമുകളെ ബന്ധിച്ച്‌ അവയുടെ മുകളിലായി വരുന്ന കോൺകോഴ്‌സുകൾ വഴിയാണ്‌ യാത്രക്കാർ പ്ലാറ്റ്‌ഫോമുകളിലേക്ക്‌ പോകുന്നതും പുറത്തേക്ക്‌ ഇറങ്ങുന്നതും. യാത്രക്കാർക്ക് ട്രെയിനുകളിലേക്ക്‌ പ്രവേശിക്കുന്നതിനായി ഒരുക്കിയിട്ടുള്ള വിശാലമായ ഇടനാഴികൾ, ഹാളുകൾ എന്നിവയാണ്‌ കോൺകോഴ്‌സുകൾ.


കോൺകോഴ്‌സിലേക്ക്‌ കയറാൻ ഓരോ യന്ത്രഗോവണിയും രണ്ട്‌ ലിഫ്‌റ്റുമാണ്‌ ഉണ്ടാകുക. ഒരു ട്രെയിനിൽനിന്നുമാത്രം ആയിരത്തോളം യാത്രക്കാർ വന്നിറങ്ങുന്ന സ്‌റ്റേഷനിൽ ഇ‍ൗ സ‍ൗകര്യങ്ങൾ പരിമിതമാണ്‌. നിലവിൽ ഒന്നാം പ്ലാറ്റ്‌ഫോമിലും അഞ്ചാം പ്ലാറ്റ്‌ഫോമിലുമാണ്‌ എസ്‌കലേറ്ററുള്ളത്‌. ഒന്ന്‌, മൂന്ന്‌, അഞ്ച്‌ പ്ലാറ്റ്‌ഫോമുകളിൽ ലിഫ്‌റ്റുമുണ്ട്‌. അന്പതുവർഷത്തെ ആവശ്യം മുൻകൂട്ടിക്കണ്ട്‌ ചെയ്യുന്ന നവീകരണം യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സാധിക്കുന്നതല്ലെന്നാണ്‌ ആക്ഷേപം. നാലുവർഷത്തിനകമാണ്‌ നവീകരണം പൂർത്തീകരിക്കേണ്ടത്‌.


എല്ലാ പ്ലാറ്റ്‌ഫോമുകളിലും എസ്‌കലേറ്ററുകൾ നിർമിക്കാൻ വേണ്ടത്ര സ്ഥലം ലഭ്യമല്ലെന്നാണ്‌ അധികൃതരുടെ വാദം. നാലുദിവസംമുന്പ്‌ തകരാറിലായ എസ്‌കലേറ്റർ ഇതുവരെ പ്രവർത്തനസജ്ജമാക്കിയിട്ടുമില്ല.


പേട്ടയിൽ സ്റ്റോപ്‌ അനുവദിക്കണം


തിരുവനന്തപുരം: വഞ്ചിനാട് എക്സ്പ്രസിന് പേട്ടയിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന്‌ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ ലിയോൺസ് പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസിൽ വന്ന യാത്രക്കാർ കയറിയ യന്ത്രഗോവണി അപകടം എറെ ഞെട്ടലുളവാക്കി. കോട്ടയം മുതൽ തിങ്ങിനിറഞ്ഞ യാത്രക്കാരുമായി പത്തോടെ എത്തുന്ന വഞ്ചിനാടിൽ വരുന്നവർ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ പരക്കം പായുന്നത്‌ നിത്യകാഴ്ചയാണ്. യന്ത്രഗോവണികളിൽ പലപ്പോഴും നല്ല തിരക്കാണ്‌.


അധികഭാരം കാരണം അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. സെൻട്രൽ സ്റ്റേഷനിലെ തിരക്ക് ക്രമീകരിക്കാൻ നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക്‌ വേഗം എത്തിച്ചേരാവുന്ന പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർസിസി, ശ്രീചിത്ര, കിംസ്, വിമാനത്താവളം, യൂണിവേഴ്സിറ്റി തുടങ്ങിയയിടങ്ങളിലേക്ക്‌ നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെടാതെ അതിവേഗം എത്തിച്ചേരാൻ ഇത്‌ സഹായിക്കും. രാവിലെ സെൻട്രൽ സ്റ്റേഷനിൽ എത്തുന്ന ജയന്തി, ഇന്റർസിറ്റി ട്രെയിനുകളിലെ തിരക്ക്‌ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home