സെപ്‌തംബർ ആദ്യം റെയിൽവേ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന
അധിക ജോലിയിൽനിന്ന് റെയിൽവേ സ്റ്റേഷൻ മാസ്റ്റർമാർക്ക് മോചനം

കൊല്ലം
അധിക ജോലിയിൽനിന്ന് സ്റ്റേഷൻ മാസ്റ്റർമാരെ ഒഴിവാക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. സ്റ്റേഷൻ മാസ്റ്റർമാരുടെ ചുമതല ട്രെയിനുകളുടെ പ്രവർത്തന നിയന്ത്രണവും സുരക്ഷയും മാത്രമായിരിക്കും. സെപ്തംബർ ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. സ്റ്റേഷൻമാസ്റ്റർമാർക്ക് അധികചുമതലയെടുക്കേണ്ടി വരുന്നതിനാൽ സുരക്ഷാവീഴ്ച ഉണ്ടാകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സ്റ്റേഷൻവഴി കടന്നുപോകുന്ന ട്രെയിൻ വിവരങ്ങൾ അടുത്ത സ്റ്റേഷനിലേക്ക് കൈമാറുക, സിഗ്നലിങ് സംവിധാനത്തിൽ കൃത്യത ഉറപ്പുവരുത്തുക തുടങ്ങിയവയാകും സ്റ്റേഷൻ മാസ്റ്റർമാരുടെ പ്രധാന ജോലി. ഇതുസംബന്ധിച്ച് റെയിൽവേ ഓപ്പറേഷൻസ് വിഭാഗവും കൊമേഴ്സ്യൽ വിഭാഗവും തമ്മിൽ ചർച്ച നടന്നിരുന്നു.
നിലവിൽ സ്റ്റേഷൻ മാസ്റ്റർമാർ കൊമേഴ്സ്യൽ സെക്‌ഷനുമായി ബന്ധപ്പെട്ട ജോലികളും ചെയ്യുന്നുണ്ട്. ടിക്കറ്റ് വിൽപ്പന, ട്രെയിൻ യാത്രാവിവരം അനൗൺസ് ചെയ്യൽ, കോച്ച് പൊസിഷൻ അടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്ക് കൈമാറൽ തുടങ്ങിയവയും പലയിടത്തും നിർവഹിക്കുന്നുണ്ട്. സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോമുകളിലെയും ശുചീകരണ പ്രവർത്തനം ഏകോപനവുമുണ്ട്. നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ അധികജോലി സ്റ്റേഷൻമാസ്റ്റർമാർക്ക് മാനസിക സംഘർഷം ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലിഭാരം ലഘൂകരിക്കാൻ തീരുമാനിച്ചത്.









0 comments