"പാളം തെറ്റിയ ട്രെയിന്‍ ഉയര്‍ത്തി ’ റെയിൽവേയുടെ മോക്ക് ഡ്രിൽ

കൊച്ചി : "പാളം തെറ്റി മറിഞ്ഞ രണ്ട് ട്രെയിൻ ബോഗികൾ. യാത്രികരെ പുറത്തിറക്കാനും അടിയന്തര വൈദ്യസഹായം നൽകാനും ഓടിയെത്തി രക്ഷാപ്രവർത്തകർ. ആംബുലൻസുകളിലേക്കും താൽക്കാലിക വൈദ്യസഹായകേന്ദ്രത്തിലേക്കും ആശുപത്രികളിലേക്കും പരിക്കേറ്റവരെ എത്തിച്ച് ആരോഗ്യപ്രവർത്തകർ. ബോഗികൾ ഉയർത്തി പാളത്തിൽവച്ചും അനുബന്ധസംവിധാനം പുനഃസ്ഥാപിച്ചും വിദഗ്‌ധരും തൊഴിലാളികളും' ബിഗ് ബജറ്റ് സിനിമയുടെ സെറ്റിനെയും വെല്ലുന്ന സംവിധാനങ്ങളൊരുക്കി റെയിൽവേ സംഘടിപ്പിച്ച മോക് ഡ്രിൽ ദ്രുതപ്രതികരണത്തിനുള്ള പരിശീലനവും കാര്യക്ഷമതാ പരിശോധനയ്‌ക്കുള്ള അവസരവുമായി.
പൊന്നുരുന്നി മാർഷലിങ് യാർഡിൽ വെള്ളി രാവിലെ ഒമ്പതോടെയാണ് മോക് ഡ്രിൽ ആരംഭിച്ചത്. അപകട സൈറൻ മുഴങ്ങിയതിനുപിന്നാലെ, പാളം തെറ്റി മറിഞ്ഞ ബോഗികൾക്കരികിലേക്ക് റെയിൽവേ മെഡിക്കൽ സംഘം, അഗ്നി രക്ഷാസേന, ദുരന്തനിവാരണ സേന, രക്ഷാപ്രവർത്തകർ എന്നിവര്‍ കുതിച്ചു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതിനുപിന്നാലെ റെയിൽവേയുടെ അത്യാധുനിക ക്രെയിനുകൾ ഉപയോഗിച്ച് ബോഗികൾ ഉയർത്തി പാളത്തിൽ ഉറപ്പിച്ചു. സിഗ്നൽ, ട്രാക്‌ഷൻ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു. ദുരന്തനിവാരണം, പ്രവർത്തനങ്ങളുടെ അവലോകനം എന്നിവ ഉൾപ്പെടെ എട്ടുമണിക്കൂറോളം നീണ്ട മോക് ഡ്രില്ലിൽ വിവിധ വിഭാഗങ്ങളിലെ ഉന്നതോദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ സേഫ്‌റ്റി ഓഫീസർ ഗണേഷ്, ഡിവിഷണൽ മാനേജർ ഡോ. മനീഷ് ഥാപ്ല്യാൽ, ചീഫ് മെഡിക്കൽ സൂപ്രണ്ട് ശോഭ ജാസ്‌മിൻ തുടങ്ങിയവർ സന്നിഹിതരായി.










0 comments