തപാൽമേഖലയെ തകർക്കാൻ കേന്ദ്രം ; കേരളത്തിലെ ആർഎംഎസ്‌ ഓഫീസുകൾ പൂട്ടുന്നു

railway mail service
avatar
കെ എ നിധിൻ നാഥ്‌

Published on Aug 11, 2025, 12:34 AM | 1 min read


തൃശൂർ

സംസ്ഥാനത്തെ റെയിൽവേ മെയിൽ സർവീസ്‌ (ആർഎംഎസ്‌) ഓഫീസുകൾ പൂർണമായും അടച്ചുപൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. കേരളത്തിലെ 14 ആർഎംഎസ്‌ ഓഫീസുകളിൽ 13 എണ്ണവും പൂട്ടുന്നതുത്‌ സംബന്ധിച്ച്‌ വകുപ്പ്‌ ആഭ്യന്തര ഉത്തരവിറക്കി. സാമ്പത്തിക നഷ്‌ടമെന്ന പേരിലാണ്‌ അടച്ചുപൂട്ടൽ.


തപാൽ മേഖലയുടെ തകർച്ചയ്​ക്ക്​ വഴിയൊരുക്കുന്ന മെയിൽ ആൻഡ്​​ പാഴ്​സൽ ഒപ്റ്റിമൈസേഷൻ പ്രോജക്ടിന്റെ (എംപിഒപി) മറവിലാണ്‌​ നീക്കം. ഇതിനായി സംസ്ഥാനത്തെ ഓഫീസുകളെ എൽ ഒന്ന്‌ ഹബ്ബ്‌, എൽ രണ്ട്‌ ഹബ്ബ്‌ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്‌. ഇതുപ്രകാരം കൊച്ചി മാത്രമാണ്‌ എൽ ഒന്ന്‌ ഹബ്ബ്‌. ബാക്കി മുഴുവൻ എൽ രണ്ടായി തരം താഴ്‌ത്തി. എൽ രണ്ട്‌ ഓഫീസുകൾ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നെന്ന്‌ കാണിച്ച്‌ അടച്ചുപൂട്ടാനാണ്‌ നീക്കം.


2024ൽ തപാൽ മേഖലയിൽ സമഗ്രപരിഷ്‌കരണം എന്ന പേരിലാണ്‌ ഓഫീസുകളെ ഹബ്ബുകളാക്കി തരം തിരിച്ച്‌ സംസ്ഥാനത്തെ 12 എണ്ണം പൂട്ടാൻ തീരുമാനിച്ചത്‌. എന്നാൽ പ്രതിഷേധത്തെത്തുടർന്ന്‌ കാസർകോട്‌, തിരൂർ‍‍‍‍, ആലപ്പുഴ, തൊടുപുഴ ഓഫീസുകളെ ഒഴിവാക്കി. എന്നാൽ ഇവയെ എൽ രണ്ട്‌ ഹബ്ബായി തരം താഴ്‌ത്തിയിരുന്നു. പുതിയ ഉത്തരവ്‌ പ്രകാരം ഇ‍ൗ നാലും ഉടൻ നിർത്തലാക്കും. രണ്ടാം ഘട്ടമായി നിലവിൽ എൽ രണ്ട്‌ ആയി തരം താഴ്‌ത്തിയ 13 ഹബ്ബുകളും പൂട്ടാനാണ്‌ ലക്ഷ്യമിടുന്നത്‌. കൊച്ചി വിമാനത്താവളം വഴിയുള്ള തപാൽ സേവനം നിർത്താനും തീരുമാനിച്ചു. രാജ്യത്ത്‌ ഏറ്റവും വരുമാനമുണ്ടായിരുന്ന സേവനം അവസാനിപ്പിക്കുന്നതോടെ ഇവിടത്തെ വരുമാനം കുറയും. ഭാവിയിൽ കൊച്ചിയും എൽ രണ്ട്‌ ഹബ്ബായി തരംതാഴ്‌ത്താൻ ഇ‍ൗ വരുമാന ഇടിവ്‌ വഴിയൊരുക്കും. സ്‌പീഡ്‌ പോസ്റ്റ്‌, പാഴ്‌സൽ ഹബ്ബുകൾ തുടങ്ങിയവ ഏകീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ഇതും വ്യാപകമായി ഓഫീസുകൾ പൂട്ടാൻ വഴിയൊരുക്കും. ചുരുങ്ങിയ ചെലവിൽ അതിവേഗം ലഭിച്ചിരുന്ന സേവനങ്ങൾ ഇതോടെ ഇല്ലാതാകും.



deshabhimani section

Related News

View More
0 comments
Sort by

Home