Deshabhimani

റെയിൽ വൺ വീണ്ടും പണിമുടക്കുന്നു: റിസർവേഷൻ സേവനം രാത്രി 11.30 മുതൽ പുലർച്ചെ 4 വരെ മുടങ്ങും

Rail One App
വെബ് ഡെസ്ക്

Published on Oct 06, 2026, 11:10 PM | 1 min read

നിലമ്പൂർ: ട്രെയിൻ യാത്രക്കാർ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ്ങിനും യാത്രാ വിവരങ്ങൾക്കുമായി ആശ്രയിക്കുന്ന റെയിൽ വൺ ആപ്പിൽ വീണ്ടും സേവന തടസ്സം. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് രാത്രി 11.30 മുതൽ പുലർച്ചെ നാലുവരെ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ്ങും ഉപയോക്തൃ അക്കൗണ്ടുമായി ബന്ധപ്പെട്ട സേവനങ്ങളും ലഭ്യമാകില്ല. റെയിൽ വണ്ണിലെ മറ്റ് സേവനങ്ങൾ ഈ സമയത്തും സാധാരണ നിലയിൽ ലഭ്യമാകുമെന്ന് റെയിൽവേ അറിയിച്ചു.


റിസർവ്ഡ് ടിക്കറ്റ് എടുക്കാനിരിക്കുന്ന യാത്രക്കാർ രാത്രി 11.30ന് മുമ്പ് ബുക്കിങ് പൂർത്തിയാക്കണം. ഈ സമയത്ത് ബുക്കിങ് സാധ്യമാകാത്തതിനാൽ അടിയന്തരമായി യാത്രാ ടിക്കറ്റ് എടുക്കേണ്ടവർക്ക് സേവന തടസ്സം പ്രയാസം സൃഷ്ടിച്ചേക്കും. പുലർച്ചെ നാലിന് ശേഷമാണ് റിസർവേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കുക.


ഇടയ്ക്കിടെ തടസ്സം; യാത്രക്കാർക്ക് ദുരിതം


റെയിൽ വൺ ആപ്പിൽ അറ്റകുറ്റപ്പണിയുടെയും സാങ്കേതിക പ്രശ്നങ്ങളുടെയും പേരിൽ സേവനങ്ങൾ തടസ്സപ്പെടുന്നത് പതിവാകുകയാണ്. ഈ വർഷം മാത്രം കുറഞ്ഞത് 15 തവണയെങ്കിലും വിവിധ ഘട്ടങ്ങളിൽ ആപ്പിന്റെ പ്രവർത്തനത്തിൽ തടസ്സം നേരിട്ടതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. റിസർവേഷൻ, ടിക്കറ്റ് വിവരങ്ങൾ, അക്കൗണ്ട് സേവനങ്ങൾ തുടങ്ങിയവയ്ക്കായി റെയിൽവേയുടെ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.


ഒറ്റ ആപ്പിലൂടെ കൂടുതൽ റെയിൽവേ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച റെയിൽ വണ്ണിൽ തുടർച്ചയായി സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകുന്നത് യാത്രക്കാരിൽ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കും അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവർക്കും സേവനം മുടങ്ങുന്ന സമയക്രമം നിർണായകമാണ്. അറ്റകുറ്റപ്പണിക്കായി മുൻകൂട്ടി സമയം നിശ്ചയിച്ച് സേവനം നിർത്തുന്നതാണെങ്കിലും, ഇടയ്ക്കിടെ ഉണ്ടാകുന്ന തടസ്സങ്ങൾ ആപ്പിന്റെ സ്ഥിരതയെക്കുറിച്ച് യാത്രക്കാർക്കിടയിൽ ചോദ്യമുയർത്തുകയാണ്. റിസർവേഷൻ പോലുള്ള പ്രധാന സേവനങ്ങൾ മുടങ്ങുമ്പോൾ ബദൽ സംവിധാനങ്ങൾ സംബന്ധിച്ച വ്യക്തമായ വിവരങ്ങളും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. റെയിൽ വൺ ആപ്പിന്റെ പ്രവർത്തനം കൂടുതൽ സ്ഥിരതയുള്ളതാക്കുകയും ആവർത്തിച്ചുള്ള സാങ്കേതിക തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home