ഇഡി കണ്ടെത്തൽ
പി വി അന്‍വറിന് 15 ബിനാമി ബാങ്ക് അക്കൗണ്ടുകള്‍

മലപ്പുറം: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ പി വി അന്‍വറിന്റെ ബിനാമികളെന്ന് കരുതുന്ന 15 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി. പി വി അന്‍വറിന്റെ ഒതായിയിലെ വീട്ടിലും തട്ടിപ്പുമായി ബന്ധപ്പട്ട മറ്റുള്ളവരുടെ വീട്ടിലും വിവിധ സ്ഥാപനങ്ങളിലും വെള്ളിയാഴ്ച ഇഡി നടത്തിയ പരിശോധനയിലാണ് രേഖകള്‍ പിടികൂടിയത്. ബിനാമി അക്കൗണ്ടുകള്‍ ഉപയോഗിച്ച് സംശയാസ്പദ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
2015ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്സി) മുഖേനെ അനുവദിച്ച അനധികൃത വായ്പകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അന്‍വറിന്റെ ഡ്രൈവര്‍ സിയാദ് അമ്പായത്തിങ്ങല്‍, മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഡയറക്ടറും സഹോദരപുത്രനുമായ അഫ്താബ് ഷൗക്കത്ത് എന്നിവരുടെ വീട്ടിലും മഞ്ചേരിയിലെ പിവിആര്‍ മെട്രോ വില്ലേജ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ മലപ്പുറം ബ്രാഞ്ച് ഓഫീസ്, ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വീടുകൾ, അന്‍വറിന്റെ വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്.
കെഎഫ്സിയില്‍നിന്ന് രണ്ടുതവണയായി എടുത്ത വായ്പകളില്‍ ഈടുവച്ചത് ഒരേവസ്തുവാണെന്നും വായ്പാത്തുക വകമാറ്റി ചെലവഴിച്ചുവെന്നും ഇഡി സ്ഥിരീകരിച്ചു. വായ്പ അനുവദിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് കെഎഫ്സി ഉദ്യോഗസ്ഥർ മൊഴി നല്‍കിയത്. മലങ്കുളം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ യഥാര്‍ഥ ഉടമ താനാണെന്ന് പി വി അന്‍വര്‍ ഇഡിക്ക് മൊഴി നല്‍കി. പ്രസ്തുത കമ്പനിയുടെ പേരിലെടുത്ത വായ്പ പിവീആർ മെട്രോ വില്ലേജ് ടൗണ്‍ഷിപ്പ് പദ്ധതിക്കായി വകമാറ്റി ഉപയോഗിച്ചെന്നും സമ്മതിച്ചു. തദ്ദേശസ്ഥാപനത്തിന്റെ അനുമതിയില്ലാതെയാണ് ഇവിടെ നിര്‍മാണം നടത്തിയതെന്നും കണ്ടെത്തി.
കെഎഫ്സി മലപ്പുറം ബ്രാഞ്ചില്‍നിന്ന് മതിയായ ഈടില്ലാതെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് പി വി അന്‍വര്‍, ഡ്രൈവര്‍ സിയാദ് അമ്പായത്തിങ്ങല്‍, കെഎഫ്സി മലപ്പുറം ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരെ പ്രതിയാക്കി വിജിലന്‍സ് ജൂലൈയില്‍ കേസെടുത്തിരുന്നു. കൊല്ലത്തെ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലായിരുന്നു അന്വേഷണം. തുടര്‍ന്നാണ് കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.










0 comments