അന്വേഷണം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് , അന്വേഷണ കമീഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 2 വൈസ്‌പ്രസിഡന്റും
ചികിത്സാസഹായ വെട്ടിപ്പ് ; സഹായിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ , കൈയൊഴിഞ്ഞെന്ന് മേഘ

ആലപ്പുഴ
സമരത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സഹായിക്കാതെ കൈയൊഴിഞ്ഞെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി മേഘാ രഞ്ജിത്ത്. ഫോൺ വിളിക്കുമ്പോൾ മാത്രം ""ഞങ്ങൾ നോക്കിക്കോളാം'' എന്ന് രാഹുൽ പറയുമെന്നും നോട്ടം ഫോൺവിളിയിൽ മാത്രമേയുള്ളൂവെന്നും സഹായിക്കാറില്ലെന്നും മേഘ വാർത്താചാനലിൽ കുറ്റപ്പെടുത്തി.
താൻ ജോലി ചെയ്‌താലേ മരുന്ന് വാങ്ങിക്കാൻ പോലും സാധിക്കൂവെന്നും ഐസിഎസ്‌ഇ സിലബസിൽ പഠിച്ചിരുന്ന കുഞ്ഞിനെ സർക്കാർ സ്‌കൂളിൽ ചേർക്കേണ്ട അവസ്ഥയായെന്നും അവർ പറഞ്ഞു. ചികിത്സയ്‌ക്ക് എട്ടുലക്ഷം രൂപ സമാഹരിച്ച് യൂത്ത് കോൺഗ്രസ് കൈമാറിയെന്ന് സംസ്ഥാന വൈസ്‌പ്രസിഡന്റ് അരിത ബാബുവും തുക കിട്ടിയില്ലെന്ന് മേഘയും വ്യകതമാക്കിയതോടെ തട്ടിപ്പ് പുറത്തായിരുന്നു.
പരസ്യ പ്രതികരണം തടഞ്ഞു
യൂത്ത്‌കോൺഗ്രസിന്റെ ചികിത്സാസഹായ വെട്ടിപ്പ് സ്ഥിരീകരിച്ചതോടെ അന്വേഷണം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്. മാർച്ചിനിടെ സംഘർഷത്തിൽ പരിക്കേറ്റവരുടെ ചികിത്സാസഹായത്തിനുള്ള ഫണ്ടിൽ വെട്ടിപ്പ് നടന്നെന്ന മേഘയുടെ തുറന്നു പറച്ചിലോടെയാണ് യൂത്ത് കോൺഗ്രസ് അന്വേഷണ കമീഷനെ നിയോഗിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി അന്റു, വൈസ്‌പ്രസിഡന്റുമാരായ വി കെ ഷിബിന, നിഹാൽ മുഹമ്മദ് എന്നിവരാണ് കമീഷനംഗങ്ങൾ. പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ് കമീഷനെ പ്രഖ്യാപിച്ചത്. 10 ദിവസത്തിനകം റിപ്പോർട്ട് കൈമാറണമെന്നും പരസ്യപ്രതികരണം പാടില്ലെന്നും നിർദേശിച്ചു.










0 comments