നിയമസഭാംഗത്വം രാജിവയ്‌പ്പിക്കാതെ പാർലമെന്ററി പാർടിയിൽനിന്ന്‌ ഒഴിവാക്കുക 
എന്ന നിർദേശവുമായി ഷാഫി പറമ്പിൽ

രാജി വയ്ക്കില്ല ; വെല്ലുവിളിച്ച്‌ 
രാഹുൽ

rahul mamkootathil resignation
avatar
ഒ വി സുരേഷ്‌

Published on Aug 25, 2025, 02:52 AM | 2 min read


തിരുവനന്തപുരം

കോൺഗ്രസ്‌ നേതൃത്വത്തെ വെല്ലുവിളിച്ച്‌ എംഎൽഎ സ്ഥാനം രാജിവയ്‌ക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു കാരണവശാലും രാജിവെക്കില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിൽക്കുകയാണ്‌. പുറത്താക്കിയാൽ പലരുടെയും രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്‌. താൻ രാജിവയ്‌ക്കേണ്ടിവന്നാൽ പലർക്കും രാഷ്‌ട്രീയം മതിയാക്കേണ്ടിവരുമെന്നും ഭീഷണിയുണ്ട്. പൊതുസമൂഹമാകെ രാഹുലിനെതിരെ തിരിഞ്ഞിട്ടും നടപടിയെടുക്കാൻ കെൽപ്പില്ലാത്ത നേതൃത്വത്തിനെതിരെ അമർഷം പുകയുകയാണ്‌. എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പാർടിയിൽനിന്ന്‌ കെപിസിസിക്കും എഐസിസിക്കും അനായാസം പുറത്താക്കാം.


അതിനു തയ്യാറാകാതെ പരസ്‌പരം തട്ടിക്കളിക്കുന്നതിന്‌ കാരണവും നേതൃത്വത്തിലുള്ളവരുടെ രഹസ്യങ്ങൾ രാഹുൽ പുറത്തുപറയുമെന്ന ഭയമാണ്‌.

നിയമസഭാംഗത്വം രാജിവയ്‌ക്കേണ്ടെന്നും പകരം പാർലമെന്ററി പാർടിയിൽനിന്ന്‌ ഒഴിവാക്കിയാൽ മതിയെന്നുമുള്ള ഒത്തുതീർപ്പു ഫോർമുലയ്‌ക്ക്‌ കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിൽ സമ്മർദം ചെലുത്തുന്നുണ്ട്‌.


രാഹുൽ രാജിവയ്‌ക്കുമെന്നും അതിനായി കെപിസിസി ആവശ്യപ്പെട്ടെന്നും വാർത്തകൾ ഞായറാഴ്‌ച രാവിലെ മുതൽ വന്നിരുന്നു. എന്നാൽ അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ മാധ്യമങ്ങളെ കണ്ട രാഹുൽ ട്രാൻസ്‌വുമൺ അവന്തികയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടശേഷം ചോദ്യങ്ങൾക്ക്‌ മറുപടി നൽകാതെ സ്ഥലംവിട്ടു. പിന്നീട്‌ തിരുവനന്തപുരത്തേക്ക്‌ തിരിച്ചെങ്കിലും നേതൃത്വത്തിന്‌ വ്യക്തമായ സൂചന നൽകി പാതിവഴിയിൽ മടങ്ങി.


അതേസമയം വി ഡി സതീശനും ഷാഫി പറമ്പിലുമുൾപ്പെടെയുള്ളവർ രാഹുലിന്‌ ഇപ്പോഴും പ്രതിരോധം തീർക്കുകയാണ്‌. രമേശ്‌ ചെന്നിത്തല മാത്രമാണ്‌ എതിർത്തത്‌. ഷാനിമോൾ ഉസ്‌മാൻ, ബിന്ദുകൃഷ്‌ണ, ഉമ തോമസ്‌, ജോസഫ്‌ വാഴയ്‌ക്കൻ എന്നിവർ രാഹുലിനെ വിമർശിച്ചു. ഉമാ തോമസ്‌ അടക്കമുള്ളവരെ കോൺഗ്രസുകാർ സമൂഹമാധ്യമത്തിൽ നീചമായി ആക്രമിക്കുകയാണ്‌.


രാഹുൽ രാഷ്‌ട്രീയത്തിൽനിന്നുതന്നെ മാറിനിൽക്കണമെന്നായിരുന്നു ഷാനിമോളുടെ പ്രതികരണം. ഉടനടി രാജിവേണമെന്ന്‌ ചെന്നിത്തല ആവർത്തിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫും മാധ്യമങ്ങളോട്‌ പ്രതികരിച്ചില്ല.


rahul
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെയും ഷാഫി പറമ്പിൽ എംപിയുടെയും മുഖംമൂടി ധരിച്ച് ഡിവൈഎഫ്ഐ 
പ്രവർത്തകർ പ്രതീകാത്മകമായി പാലക്കാട് നഗരത്തിൽ വോട്ടർമാരെ കാണുന്നു


സംരക്ഷിച്ചതും 
വളർത്തിയതും സതീശൻ

കോൺഗ്രസ്‌ നേതൃത്വത്തിലെ സുപ്രധാന അധികാരകേന്ദ്രമായി രാഹുൽ മാങ്കൂട്ടത്തിൽ വളർന്നത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ തണലിൽ. പാർടിയിലും പുറത്തും ആരോപണങ്ങളും പരാതികളും പ്രവഹിച്ചപ്പോഴും സംരക്ഷിച്ചു. ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞ ഷാഫി പറമ്പിലും രാഹുലും സതീശനിസത്തിന്റെ നെടുംതൂണുകളുമായി. വെളിപ്പെടുത്തലുകൾ തുടരെത്തുടരെ വരുമ്പോൾ ഗതികെട്ടാണ്‌ ഇപ്പോഴത്തെ തള്ളിപ്പറയൽ.


കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്ന രാഹുലിന്റെ പ്രസിഡന്റാകാനുള്ള ശ്രമങ്ങൾ നുള്ളിക്കളഞ്ഞത്‌ ഉമ്മൻചാണ്ടിയായിരുന്നു. വ്യക്തിപരമായി വേദനയുണ്ടാക്കിയ വിഷയങ്ങളായിരുന്നു കാരണം. ഉമ്മൻചാണ്ടിയുടെ കാലശേഷം സതീശൻ കരുത്തനായതോടെ രാഹുലും അതിവേഗം വളർന്നു. ചാനൽ ചർച്ചകളിൽ എതിരാളികളെ പരിഹസിച്ചും കള്ളം പറഞ്ഞും സതീശനിസത്തിന്റെ വക്താവായി. സൈബർ ആക്രമണങ്ങൾക്കും നേതൃത്വം നൽകി. വി ഡി സതീശന്റെയും ഷാ-ഫി പറമ്പിലിന്റെയും പിന്തുണയോടെ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റായി. ജയിച്ചത്‌ തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമിച്ചായിരുന്നുവെന്ന്‌ തെളിവുസഹിതം പുറത്തുവന്നു. ഷാഫിയുടെയും വി ഡി സതീശന്റെയും നിർബന്ധത്തിൽ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായി.


ജൂലൈ അവസാനം പ്രതിപക്ഷത്തെ യുവനേതാവിനെതിരെ ലൈംഗിക ആരോപണവാർത്ത സമൂഹമാധ്യമങ്ങളിൽ വന്നപ്പോൾ വിരലുകളെല്ലാം ഒരാളിലേക്കായിരുന്നു. എങ്കിലും നേതൃത്വം പ്രതികരിച്ചില്ല. പിന്നീട്‌ കോൺഗ്രസ്‌ സഹയാത്രികയായ യുവനടിയുടെ വെളിപ്പെടുത്തലാണ്‌ കുരുക്കായത്‌. മൂന്നുവർഷം മുമ്പുതന്നെ പ്രതിപക്ഷ നേതാവിന്‌ പരാതി കിട്ടിയെങ്കിലും നടപടിയുണ്ടായില്ല. അന്ന്‌ സംരക്ഷിച്ച സതീശൻ, പാർടിക്കുള്ളിലെ എതിർപ്പുകളെല്ലാം മറികടന്നാണ്‌ പാലക്കാട്‌ സ്ഥാനാർഥിയാക്കിയത്‌. യുവനടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേരളം കേട്ടത്‌ ഞെട്ടിത്തരിച്ച വാർത്തകളാണ്‌ കേൾക്കുന്നത്‌. കോൺഗ്രസ്‌ നേതാക്കളുടെ ഭാര്യമാർക്കും പെൺമക്കൾക്കുംപോലും ഇയാളിൽനിന്ന്‌ ദുരനുഭവമുണ്ടായതായി നടി വെളിപ്പെടുത്തിയിരുന്നു.


അന്ന്‌ തടഞ്ഞിരുന്നെങ്കിൽ ഇത്രയുംപേർ ഇരയാകില്ലായിരുന്നു

മകളെപ്പോലെ കരുതുന്ന പെൺകുട്ടി മൂന്നുവർഷംമുമ്പ്‌ നൽകിയ പരാതിയിൽ നടപടിയെടുത്തിരുന്നെങ്കിൽ ഇത്രയും പെൺകുട്ടികൾ ഇരകളാകില്ലായിരുന്നല്ലോ എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുമുന്നിൽ സമൂഹം ഉയർത്തുന്ന ചോദ്യം. പരാതി നേരത്തേ നൽകിയിരുന്നതായി യുഡിഎഫ്‌ പത്രമായ മനോരമ കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു.


മോശം മെസേജുകൾ അയച്ചെന്നു മാത്രമല്ല, പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലേക്ക്‌ ക്ഷണിച്ചെന്നും താൻ അത്‌ നിഷേധിച്ചുവെന്നുമാണ്‌ കോൺഗ്രസ്‌ സഹയാത്രികയായ യുവനടി മാധ്യമങ്ങളോട്‌ പറഞ്ഞത്‌.


പരാതികളോട്‌ ‘ഹു കെയേഴ്‌സ്‌’നിലപാടെടുത്ത യുവ നേതാവിനെ ഉന്നതസ്ഥാനം നൽകി, കോൺഗ്രസിലെ പല നേതാക്കളുടെയും മുകളിൽ വളർത്തിക്കൊണ്ടുവന്ന്‌ സംരക്ഷിച്ചത്‌ വി ഡി സതീശനും ഷാഫി പറമ്പിലുമാണ്‌.






deshabhimani section

Related News

View More
0 comments
Sort by

Home