രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ

തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാം പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിക്കുന്നത്.
ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.
എന്നാൽ രാഹുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും സ്വാധീനിക്കാൻ ശ്രമിക്കുന്നതായും യുവതി പൊലീസിന് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
പ്രതിഭാഗം സമർപ്പിക്കുന്ന സത്യവാങ്മൂലം പരിശോധിച്ച ശേഷം കോടതി ഇന്ന് വാദം കേൾക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതിനോടകം തന്നെ രണ്ട് പീഡനക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റായ രാഹുലിനെതിരെയുള്ള പീഡന പരാതികൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.










0 comments