അയ്യൻകാളി ജയന്തി സമ്മേളനത്തിൽനിന്ന് രാഹുലിനെ നീക്കി

ആർ രാജേഷ്
Published on Sep 01, 2025, 02:39 AM | 1 min read
പത്തനംതിട്ട
ഗുരുതര ലൈംഗികാരോപണവും വ്യാജരേഖ കേസും നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയ്യൻകാളി ജയന്തി ആഘോഷത്തിൽനിന്ന് ഒഴിവാക്കി. കെപിഎംഎസ് പന്തളം കുളനട യൂണിയന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ ആറിന് കുളനടയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽനിന്നാണ് രാഹുലിനെ ഒഴിവാക്കിയത്. അവിട്ടംദിന സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു രാഹുൽ.
എംഎൽഎയുടെ ചിത്രംവച്ച് പരിപാടിയുടെ പോസ്റ്ററും നോട്ടീസും ഇറക്കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയതെന്നും സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുമെന്നും കെപിഎംഎസ് കുളനട യൂണിയൻ പ്രസിഡന്റ് കുളനട ഗോപാലകൃഷ്ണൻ പറഞ്ഞു. ആയിരങ്ങൾ അണിനിരക്കുന്ന പരിപാടിയാണിത്.
രാഹുലിനെ വെള്ളപൂശാൻ കഴിഞ്ഞദിവസം വ്യാജ കുറിപ്പിനൊപ്പം കാതോലിക്കബാവയുടെ ചിത്രംവച്ച് യൂത്ത് കോൺഗ്രസ് വാട്ട്സാപ്പ് ഗ്രൂപ്പിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ബാവയുടെ ചിത്രം ദുരുപയോഗം ചെയ്തതിനെതിരെ ഓർത്തഡോക്സ് സഭ സൈബർ പൊലീസിൽ കേസ് നൽകിയിരിക്കുകയാണ്. സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ ത്രിതീയന്റെ ചിത്രമാണ് ‘ഗർഭദാതാവ് നീതിമാൻ' എന്ന തലക്കെട്ടോടെയുള്ള കുറിപ്പിനൊപ്പം നൽകിയത്.









0 comments