print edition എസ്‌ഐടി വാദം അംഗീകരിച്ച് കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിലേക്ക് കൊണ്ടുവന്നപ്പോൾ
ആർ രാജേഷ്
Published on Jan 14, 2026, 02:48 AM | 2 min read
പത്തനംതിട്ട
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷകസംഘത്തിന്റെ വാദം അംഗീകരിച്ച് കോടതി. പ്രതിയെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ പരിഗണിച്ചപ്പോഴാണ് തിരുവല്ല ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എസ്‌ഐടിയുടെ കണ്ടെത്തൽ ശരിവച്ചത്.
കസ്‌റ്റഡി അപേക്ഷ പരിഗണിക്കുംമുന്പ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ ആദ്യവാദം. എന്നാൽ, കസ്‌റ്റഡി സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിച്ചു. അറസ്‌റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച പ്രതിഭാഗം അഭിഭാഷകൻ അഭിലാഷ് ചന്ദ്രൻ, പ്രതിയെ പിടികൂടിയപ്പോൾ തന്നെ അത്യാവശ്യസമയം കസ്‌റ്റഡിയിൽവച്ചതാണെന്നും പറഞ്ഞു.
പ്രോസിക്യൂഷൻ തെളിവുകൾ നിരത്തി എതിർത്തു. മുൻ കേസുകളിൽ ഒളിവിൽപോയ പ്രതി അനുകൂല സാഹചര്യമൊരുക്കുകയായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ ഇടവരുത്തും. ഇൗ കേസിൽ പ്രതിയിൽനിന്ന് ഒരു മൊബൈൽഫോൺ കൂടി പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ സ്‌ക്രീൻ പാറ്റേണോ, ലോക്കോ അന്വേഷകസംഘത്തിന് കൈമാറാൻ പ്രതി തയ്യാറാകുന്നില്ല. എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തശേഷവും അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് പിന്തരിപ്പിക്കാൻ ശ്രമമുണ്ടായെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വീഡിയോ കോൺഫറൻസിങ് വഴി പരാതിക്കാരിയുടെ മൊഴിയെടുത്തപ്പോൾ മൂന്നു ദിവസത്തിനകം ഒപ്പിടണമെന്നുള്ളത് പാലിച്ചില്ലെന്നുള്ള പ്രതിഭാഗം ആക്ഷേപം വസ്‌തുതാവിരുദ്ധമാണ്. ഡിജിറ്റൽ ഉപകരണങ്ങളടക്കം ഇനി വീണ്ടെടുക്കാനുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു.
വാദപ്രതിവാദത്തിനിടെ മജിസ്‌ടേറ്റ് അരുന്ധതി ദിലീപ്, പലതവണ പ്രതിഭാഗം അഭിഭാഷകനെ ചോദ്യമുനയിൽ നിർത്തി. തുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷ കസ്‌റ്റഡി കാലയളവ് കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
ഉദ്യോഗസ്ഥരോട് തട്ടിക്കയറി
ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ജനരോഷം കണ്ട് ക്ഷുഭിതനായി രാഹുൽ മാങ്കൂട്ടത്തിൽ. മാവേലിക്കര സ്‌പെഷ്യൽ സബ് ജയിൽ മുതൽ തിരുവല്ല കോടതിവരെയുള്ള യാത്രക്കിടെ നിരവധി പ്രതിഷേധങ്ങളെയാണ് നേരിടേണ്ടി വന്നത്. തുടർന്ന്, കോടതിയിൽ എത്തിയപ്പോൾ രോഷാകുലനാവുകയായിരുന്നു. കേസ് വിഷയങ്ങളെല്ലാം മാധ്യമങ്ങളിൽ വന്നെന്നും നിങ്ങളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെന്നും പറഞ്ഞ് എസ്‌ഐടി ഉദ്യോഗസ്ഥരോട് തട്ടിക്കയറി. സുരക്ഷ മുൻനിർത്തി കോടതി തുടങ്ങുംമുന്പേ അകത്ത് കയറ്റിനിർത്തിയതിലും കേസ് വൈകി വിളിച്ചതിലും മാറ്റിവച്ചതിലും അസ്വസ്ഥനായി. പ്രതിക്കൂട്ടിൽ കയറി നിൽക്കേണ്ടിവന്നതോടെ മുഖഭാവം ആകെ മാറി.
യുവതിയുടെ മൊഴിയെടുക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ ഇ മെയിൽ വഴി പരാതി നൽകിയ യുവതിയെ നാട്ടിലെത്തിച്ച് പൊലീസ് മൊഴിയെടുക്കും. കേസിൽ കസ്‌റ്റഡിയിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കൂടുതൽ ചോദ്യംചെയ്യുന്നതോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷക സംഘം കരുതുന്നത്. പഴുതുകൾ അടച്ചുള്ള അന്വേഷണവും തുടർനടപടികളുമാകും എസ്‌ഐടിയുടേത്.
വിദേശത്തുള്ള യുവതി ഇ- മെയിലിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 173(1)(2) പ്രകാരം ഇ- മെയിൽ വഴി പരാതി ലഭിച്ചാൽ മൂന്നുദിവസത്തിനകം നേരിട്ടെത്തി അതിൽ ഒപ്പിടണം. എന്നാൽ ഇതിന് സാവകാശം തേടി കോടതിയെ സമീപിക്കും. രേഖകൾ തപാലിൽ അയച്ചു നൽകി ഒപ്പിട്ടു വാങ്ങുന്നതും പരിഗണനയിലാണ്. അതിജീവിതയെ 24 മണിക്കൂറിനകം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണമെന്നാണ് ചട്ടമെങ്കിലും പരാതിക്കാരി വിദേശത്തായതിനാൽ സാവകാശം ലഭിക്കുമെന്നാണ് എസ്ഐടി പ്രതീക്ഷ.










0 comments