മാങ്കൂട്ടത്തിലിനെ നല്ലപിള്ളയാക്കാൻ അയ്യപ്പസംഗമം കരുവാക്കി യുഡിഎഫ്

ഒ വി സുരേഷ്
Published on Sep 05, 2025, 02:54 AM | 1 min read
തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളും അതിലുള്ള അന്വേഷണവും നാണക്കേടായപ്പോൾ വിഷയം വഴിതിരിച്ചുവിടാൻ അയ്യപ്പ സംഗമം കരുവാക്കി കോൺഗ്രസ്. ഇതിന് കുടപിടിക്കുന്ന സമീപനമാണ് ചില മാധ്യമങ്ങളും തുടരുന്നത്. നിയമസഭാ സമ്മേളനം 15ന് തുടങ്ങാനിരിക്കെ, രാഹുൽ വിഷയം കത്തിപ്പടരുമെന്നതിനാലാണ് യുഡിഎഫ് അനുകൂല മാധ്യമങ്ങളുടെ സഹായത്തോടെയുള്ള കോൺഗ്രസ് നാടകം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ശബരിമലയുടെ വികസനം ലക്ഷ്യമിട്ടുള്ള ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രഖ്യാപിച്ചത് ഒരുവർഷം മുമ്പാണ്. അന്ന് അത് ആരും എതിർത്തില്ല. ഇപ്പോൾ വിവദമാക്കുന്നതിനു പിന്നിൽ കോൺഗ്രസിന് ഗൂഢലക്ഷ്യങ്ങളുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിനു മുന്നിൽ നിൽക്കുമ്പോൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക പീഡന പരാതികളിൽ കോൺഗ്രസ് പ്രതിരോധത്തിലാണ്. രാഹുലിനെതിരെ മൂന്നുവർഷം മുന്പ് ലഭിച്ച പരാതി ഒതുക്കിവയ്‌ക്കുകയും ഉന്നതസ്ഥാനങ്ങൾ നൽകുകയുംചെയ്‌ത വി ഡി സതീശൻ– ഷാഫി പറമ്പിൽ ടീം ആകട്ടെ കടുത്ത എതിർപ്പും നേരിടുന്നു. പ്രഖ്യാപിച്ച ഗൃഹസന്ദർശന പരിപാടി പോലും അലങ്കോലമായി. ഇത്തരമൊരു സാഹചര്യത്തിൽ അനാവശ്യ വിവാദമുണ്ടാക്കി ശബരിമല വികസനം തടസ്സപ്പെടുത്തുകയാണ് കോൺഗ്രസ്. യുഡിഎഫ് അനുകൂല പത്രമായ മനോരമയാണ് ആദ്യം ഇതിനെതിരെ വാർത്ത നൽകിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇത് സുവർണാവസരമായി കണ്ട്, വാർത്ത ഏറ്റുപിടിക്കുകയായിരുന്നു.
സ്‌ത്രീ പ്രവേശനമല്ല ശബരിമല വികസനമാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡും സർക്കാരും വ്യക്തമാക്കിയിട്ടും കോൺഗ്രസ് പിന്മാറാത്തത് രാഹുൽ വിഷയം മറയ്‌ക്കാനാണെന്ന് വ്യക്തം.









0 comments