രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്.
നേരത്തെ കർശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം തുടങ്ങിയവയായിരുന്നു പ്രധാന വ്യവസ്ഥകൾ. എന്നാൽ ഫെബ്രുവരി 17-ന് രാഹുൽ മാങ്കൂട്ടത്തിൽ വാട്സ്ആപ്പ് കോളിലൂടെ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചതായി യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. കോടതി നൽകിയ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് പ്രതി പരാതിക്കാരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പ്രതി പുറത്തുനിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.
വാട്സ്ആപ്പ് കോൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, തനിക്കെതിരെയുള്ള നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
കോടതി വിധി അനുകൂലമായില്ലെങ്കിൽ എംഎൽഎയ്ക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടേണ്ടി വരും. സീറ്റ് നിർണയത്തെ സംബന്ധിച്ചുള്ള പടലപ്പിണക്കങ്ങൾക്കിടയിൽ ഇന്നത്തെ വിധിയും കോൺഗ്രസിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.










0 comments