സസ്‌പെൻഷൻ ഒത്തുകളി: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ്‌ സംരക്ഷിക്കുന്നു

M V Govindan
വെബ് ഡെസ്ക്

Published on Aug 30, 2025, 03:48 AM | 1 min read

തിരുവനന്തപുരം :കേരള രാഷ്‌ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തത്രയും നാണക്കേടുണ്ടാക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് സംരക്ഷിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പരാതി തേച്ചുമായ്‌ച്ചുകളയാൻ ആദ്യം ശ്രമിച്ചവർ ഇപ്പോൾ സസ്‌പെൻഡ്‌ ചെയ്‌തത്‌ ഒത്തുകളിയുടെ ഭാഗമായാണ്‌. കോൺഗ്രസിൽനിന്ന്‌ പുറത്താക്കാനോ എൽഎൽഎ സ്ഥാനം രാജിവയ്‌പിക്കാനോ തയ്യാറാകാത്തത്‌ അതിനാലാണ്‌ – അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉയർന്ന പരാതികൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്‌. ഗതികെട്ട സാഹചര്യത്തിലായിരുന്നു യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ ഒഴിവാക്കിയത്‌. വീണ്ടും വെളിപ്പെടുത്തലുകൾ വന്നതോടെയാണ് ഗത്യന്തരമില്ലാതെയുള്ള സസ്‌പെൻഷൻ. കോൺഗ്രസ്‌ ഭരണഘടന പ്രകാരം സസ്‌പെൻഡ്‌ ചെയ്യപ്പെടുന്ന ജനപ്രതിനിധി എല്ലാ പദവികളും രാജിവയ്‌ക്കണം. കാലാവധി നിശ്‌ചയിക്കാത്തതിനാൽ ഒരുമാസം കഴിഞ്ഞ്‌ രാഹുലിന്‌ സ്വാഭാവികമായും തിരിച്ചുവരാം.

ജനങ്ങളുടെയും പ്രതികരിച്ച കോൺഗ്രസ്‌ പ്രവർത്തകരുടെയും കണ്ണിൽ പൊടിയിടാനാണ്‌ സസ്‌പെൻഷൻ. രാഹുൽ ചെയ്‌ത ഹീനപ്രവൃത്തിയുടെ പേരിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക്‌ ക്രിമിനിലുകളേയും കൂട്ടി അക്രമ മാർച്ച്‌ നടത്തിയത്‌ എന്തിനെന്ന്‌ കോൺഗ്രസ്‌ നേതൃത്വം പറയണം. പൊലീസിനുനേരെ തീപ്പന്തം എറിഞ്ഞത്‌ നാട്ടിൽ കലാപമുണ്ടാക്കാനാണ്‌. വാർത്ത പുറത്തുകൊണ്ടുവന്ന റിപ്പോർട്ടർ ചാനലിന്റെ ഓഫീസും മാധ്യമപ്രവർത്തകരേയും ആക്രമിക്കുന്നു. തൃശൂരിൽ ദേശാഭിമാനിയുടെ വാർഷികത്തിന്റെ ബോർഡുകളും സിപിഐ എം കൊടിമരങ്ങളും തകർക്കുന്നു. വടകരയിൽ സംഘർഷമുണ്ടാക്കാൻ ഷാഫി പറമ്പിൽ എംപി തന്നെ നേതൃത്വം കൊടുത്തു. വ്യാപക ആക്രമണം അഴിച്ചുവിട്ട്‌ രാഹുലിന്റെ നെറികെട്ട പ്രവൃത്തിയെ ജനങ്ങളിൽനിന്ന്‌ മറയ്ക്കാനാവില്ലെന്ന്‌ കോൺഗ്രസ്‌ നേതൃത്വം മനസ്സിലാക്കണം – എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home