ഹണി റോസിന്റെ പരാതി; മുൻകൂർ ജാമ്യം തേടിയുള്ള രാഹുൽ ഈശ്വറിന്റെ ഹർജി പരിഗണിക്കും

കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സൈബർ ഇടങ്ങളിലും ചാനൽ ചർച്ചകളിലും ഹണിയെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് എറണാകുളം സെൻട്രൽ പൊലീസിന് നൽകിയ പരാതിയിലുള്ളത്. ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ചാനൽ ചർച്ചയ്‌ക്കിടെ രാഹുൽ ഈശ്വർ നടി ഹണി റോസിനെതിരെ സ്‌ത്രീവിരുദ്ധ പരമാർശം നടത്തിയെന്ന് ആരോപിച്ച് തൃശൂർ സ്വദേശി സലിം ഇന്ത്യയും എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
രാഹുൽ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശനിയാഴ്‌ച ഹണി റോസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നുപോകാൻ പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വറാണ്. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിക്കുമെന്നും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണിയുടെ രീതിയിലും തൊഴിൽ നിഷേധിക്കുന്നവിധത്തിലും നേരിട്ടും സമൂഹമാധ്യമത്തിലൂടെയും വെല്ലുവിളിച്ച രാഹുൽ ഈശ്വറിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്നായിരുന്നു കുറിപ്പിൽ. കോടതിയിലുള്ള കേസിലെ പരാതിക്കാരിയായ തന്നെ കടുത്ത മാനസികവ്യഥയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടുന്ന പ്രവൃത്തികളാണ് തുടർച്ചയായി ഉണ്ടാകുന്നതെന്നും ഹണി റോസ് പറഞ്ഞിരുന്നു.
അറസ്റ്റ് സാധ്യത മുന്നിൽക്കണ്ടാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ചാനലുകളിൽ തന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും വിമർശിക്കാനുള്ള അവകാശം വ്യക്തിക്കുണ്ടെന്നും ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശ്യമില്ലെന്നും ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞു. റിമാൻഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും.








0 comments