പേവിഷബാധ മരണം: അന്വേഷക സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

HUMEN RIGHTS
വെബ് ഡെസ്ക്

Published on May 06, 2025, 09:45 PM | 1 min read

തിരുവനന്തപുരം : പേവിഷബാധയെത്തുടർന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.


പേവിഷബാധമൂലം മരിച്ചവർ പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടോ, വാക്സിൻ പ്രോട്ടോകോൾ പാലിച്ചിട്ടുണ്ടോ, ഇവർക്ക് കുത്തിവച്ച വാക്സിന്റെ കാര്യക്ഷമത, വാക്സിനുകൾ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കൽസംഘം അന്വേഷിക്കേണ്ടത്‌. സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തണം. ഒരു മാസത്തിനകം റിപ്പോർട്ട് കമീഷനിൽ സമർപ്പിക്കണം.


സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്ന വാക്സിന്റെ കാര്യക്ഷമത പരിശോധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തിൽ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്സിനുകൾക്ക് ഉണ്ടോയെന്നും പരിശോധിക്കണം. പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാനും പഠിക്കാനും പ്രാപ്തമായ ഏജൻസി ഏതാണെന്നും റിപ്പോർട്ടിൽ അറിയിക്കണം. ജൂൺ ഒമ്പതിന് രാവിലെ 10ന് കമീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ ഡെപ്യൂട്ടി ഡിഎംഇയും ആരോഗ്യ സെക്രട്ടറിയുടെ പ്രതിനിധിയും ഹാജരാകണം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.



deshabhimani section

Related News

View More
0 comments
Sort by

Home