ad
Deshabhimani

കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ വെല്ലുവിളിച്ച് ആർ ശ്രീലേഖ; വിവാദ പ്രസം​ഗം ചർച്ചയാവുന്നു

R Sreelekha

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖ

വെബ് ഡെസ്ക്

Published on Apr 03, 2026, 02:23 PM | 1 min read

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ വിദ്വേഷവും പച്ചക്കള്ളവും പ്രചരിപ്പിച്ച് വട്ടിയൂർകാവിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് സർക്കാർ പിന്തുണ നല്കുകയാണെന്നുമുള്ള വിചിത്ര വാദവുമായാണ് ശ്രീലേഖ രംഗത്തെത്തിയത്. സുപ്രീംകോടതി പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദ് എന്ന സംഘപരിവാർ അജണ്ട ആവർത്തിക്കുന്നതിലൂടെ മണ്ഡലത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്.


ഉന്നത പൊലീസ് ഉദ്യോഗസ്ഥയായിരുന്ന കാലത്ത് തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെനിന്നില്ലെന്ന വിചിത്രമായ ആരോപണവും അവർ ഉന്നയിച്ചു. സർവീസിലിരുന്ന കാലത്ത് ഉന്നയിക്കാത്ത കാര്യങ്ങൾ ഇപ്പോൾ വോട്ടുകച്ചവടത്തിനായി പുറത്തെടുക്കുകയാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കേരളത്തിലെ സ്ത്രീസമൂഹം അരക്ഷിതാവസ്ഥയിലാണെന്നും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇവിടെ വിലയില്ലെന്നുമുള്ള അധിക്ഷേപകരമായ പരാമർശവും അവർ നടത്തി.


വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ കാണുന്ന ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്ന പ്രസ്താവനകളാണ് ശ്രീലേഖയുടേത്. ദൈവവിശ്വാസമില്ലാത്ത സർക്കാരും മന്ത്രിമാരുമാണ് കേരളം ഭരിക്കുന്നതെന്ന പരാമർശത്തിലൂടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും അവർ പരസ്യമായി പരിഹസിക്കുകയാണ്. കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നുണപ്രചാരണം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള തരംതാണ നീക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.


ഇല്ലാത്ത ലൗ ജിഹാദിന്റെ പേരിൽ പുകമറ സൃഷ്ടിക്കാനുള്ള മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥ കൂടിയായിരുന്ന ആർ ശ്രീലേഖയുടെ ശ്രമം ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം വർഗീയതയും വിദ്വേഷം ആയുധമാക്കുന്ന ബിജെപി നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home