ad
Deshabhimani

print edition മേയറാക്കിയില്ല; ‘ഭരണം’ ഏറ്റെടുത്ത്‌ ‘ഡിജിപി’

R Sreelekha
വെബ് ഡെസ്ക്

Published on Dec 29, 2025, 02:15 AM | 1 min read


തിരുവനന്തപുരം

തലസ്ഥാനത്ത്‌ ബിജെപി മേയർ ആക്കാതിരുന്നതിലുള്ള അരിശത്തിൽ ഭരണം സ്വയമേറ്റെടുത്ത്‌ ക‍ൗൺസിലർ ആർ ശ്രീലേഖ. സ്ഥലം എംഎൽഎയോട്‌ ഓഫീസ്‌ ഒഴിയാൻ ആവശ്യപ്പെട്ടാണ്‌ അധികാരപ്രകടനം. വട്ടിയൂർക്കാവ്‌ എംഎൽഎ വി കെ പ്രശാന്തിനെ ഫോണിൽ വിളിച്ചാണ്‌ ഏഴു വർഷമായി പ്രവർത്തിക്കുന്ന ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ്‌ ഒഴിയണമെന്ന്‌ ആവശ്യപ്പെട്ടത്‌. സംഭവം വിവാദമായതോടെ സഹോദരൻ എന്ന നിലയ്‌ക്ക്‌ കണ്ടാണ്‌ ഫോൺവിളിച്ചതെന്ന്‌ ശ്രീലേഖ മലക്കം മറിഞ്ഞു. ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ്‌ ശ്രീലേഖയുടെ നീക്കമെന്നും സൂചനയുണ്ട്‌.


ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ്‌ ഒഴിയണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. ഇതിനോട്‌ ചേർന്നു പ്രവർത്തിക്കുന്ന ക‍ൗൺസിലറുടെ ഓഫീസ്‌ സ‍ൗകര്യം വിപുലപ്പെടുത്താൻ എംഎൽഎ ഓഫീസ്‌ ഒഴിയണമെന്നാണ്‌ ആവശ്യം.

മുമ്പ്‌ സിപിഐ എം ക‍ൗൺസിലറുടെയും ഇതുവരെ ബിജെപി ക‍ൗൺസിലറുടെയും ഓഫീസായി പ്രവർത്തിച്ച സ്ഥലമാണ്‌, തനിക്ക്‌ പ്രവർത്തനത്തിന്‌ അതു പോരെന്ന നിലപാട്‌ ശ്രീലേഖ സ്വീകരിച്ചത്‌.


കോർപറേഷൻ ക‍ൗൺസിലാണ്‌ എംഎൽഎ ഓഫീസ്‌ പ്രവർത്തനത്തിന്‌ വാടക നിശ്‌ചയിച്ച്‌ നൽകിയത്‌. ഓഫീസിന്‌ മാർച്ചുവരെ കാലാവധിയുമുണ്ടെന്നിരിക്കെയാണ്‌ മാറണമെന്ന മുൻ ഡിജിപിയുടെ തീട്ടൂരം. മേയറെ വിവരം അറിയിച്ച്‌ സെക്രട്ടറി വഴി ഒ‍ൗദ്യോഗികമായി അറിയിക്കേണ്ട കാര്യമാണ്‌ താൻപ്രമാണിത്തത്തോടെ ഫോണിൽ അറിയിച്ചത്‌.

കോർപറേഷൻ ക‍ൗൺസിലർക്ക്‌ ഓഫീസ്‌ അനുവദിക്കുന്നത്‌ സെക്രട്ടറിയാണ്‌.


കോർപറേഷൻ വക കെട്ടിടമുണ്ടെങ്കിൽ അതും അല്ലാത്തപക്ഷം സ്വകാര്യ കെട്ടിടങ്ങളും ക‍ൗൺസിലർമാരുടെ പ്രവർത്തനത്തിന്‌ നൽകാറുണ്ട്‌. ഇതിനായി കോർപറേഷൻ വാടകയിനത്തിൽ എണ്ണായിരം രൂപവരെ നൽകാറുമുണ്ട്‌. ഇതിനൊന്നും ശ്രമിക്കാതെയാണ്‌ നൂറുകണക്കിനു പേർ ആശ്രയിക്കുന്ന എംഎൽഎ ഓഫീസ്‌ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്‌.


മാധ്യമങ്ങളെക്കണ്ട മേയർ വി വി രാജേഷ്‌, ശ്രീലേഖയുടെ ഇടപെടലിനെ പൂർണമായി അംഗീകരിച്ചില്ലെങ്കിലും തള്ളാൻ തയ്യാറായില്ല. കോർപറേഷന്റെ വിവിധ കെട്ടിടങ്ങളിൽ വാടകയ്‌ക്ക്‌ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ഒഴിപ്പിക്കാനും സ്വന്തക്കാരെ കുടിയിരുത്താനുമുള്ള ദുഷ്ടലാക്കാണ്‌ ബിജെപി നീക്കത്തിനു പിന്നിലെന്നും ആക്ഷേപമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home