ഇന്ത്യയിൽ രാഷ്‌ട്രീയ ജനാധിപത്യം പേരിനുമാത്രം: ആർ രാജഗോപാൽ

ആലപ്പുഴ
സാന്പത്തിക രാഷ്‌ട്രീയ ജനാധിപത്യങ്ങളില്ലാതെ ഇന്ത്യയിൽ സാമൂഹ്യ ജനാധിപത്യം ഉണ്ടാവില്ലെന്ന് ദി ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാൽ. ഇക്കാര്യം ഭരണഘടനാശിൽപി ഡോ. അംബേദ്‌കർ തന്നെ വിശദീകരിച്ചിട്ടുള്ളതാണ്. ഇതിൽ സാന്പത്തിക ജനാധിപത്യം ഇന്ത്യയിൽ ഉണ്ടായിട്ടില്ല. രാഷ്‌ട്രീയ ജനാധിപത്യം പേരിനുമാത്രമാണുള്ളത്. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ പ്രധാനപ്പെട്ട പലകാര്യങ്ങളും ചർച്ചചെയ്യപ്പെടുന്നില്ല. കൊൽക്കത്തയിൽ പഴയ സാധനങ്ങൾ പെറുക്കി ജീവിച്ചിരുന്ന സൊനാലി ഖാത്തൂൻ എന്ന സ്‌ത്രീ ഇന്ത്യൻ പൗരത്വമില്ലെന്ന പേരിൽ അറസ്‌റ്റിലായി. അവരെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു. വെറും മൂന്നുദിവസം കൊണ്ടാണ് ഇത്രയും കാര്യങ്ങൾ ചെയ്‌തത്. പൗരത്വം സംബന്ധിച്ച പ്രശ്‌നങ്ങൾ തീരുമാനിക്കാൻ ഒരാൾ അറസ്‌റ്റിലായി. ഒരു മാസം വരെ സമയമുണ്ടെന്ന നിയമം നിലവിലിരിക്കെയാണ് ഇത് ചെയ്‌തത്. ഇതുപോലെ രാജസ്ഥാനിൽ അമീർ ഷെയ്‌ക്ക് എന്നയാളെ കാണാതായി. അയാളുടെ അച്‌ഛൻ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. അപ്പോൾ 1800 കിലോമീറ്റർ അകലെ ബംഗ്ലാദേശ് അതിർത്തിയിൽ അയാൾ പ്രത്യക്ഷപ്പെടുന്നു. അമീർ ഷെയ്‌ക് വഴിതെറ്റി അവിടെയെത്തിയെന്നാണ് അധികൃതർ ഒരു ഉളുപ്പുമില്ലാതെ പറയുന്നത്. ഇതൊന്നും ഒരിടത്തും ചർച്ചയാവുന്നില്ല. ഇത് സാധിക്കാത്തിടത്ത് എങ്ങനെ ഭരണഘടനയെ സംരക്ഷിക്കാനാവുമെന്ന് രാജഗോപാൽ ചോദിച്ചു. എം കെ ഉത്തമൻ അധ്യക്ഷനായി. ആർ അജയൻ, പി മോഹൻദാസ് എന്നിവർ സംസാരിച്ചു.









0 comments