print edition ആർ ചന്ദ്രശേഖരനെ പുറത്താക്കണം; ഐഎൻടിയുസിയിൽ സമാന്തര കമ്മിറ്റി

തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പുറത്താക്കാൻ അണിയറ പ്രവർത്തനവുമായി അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ആർ എം പരമേശ്വരന്റെ നേതൃത്വത്തിൽ സമാന്തര കമ്മിറ്റി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംവിധാനം അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ആർ എം പരമേശ്വരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാലാവധി കഴിഞ്ഞിട്ടും ചന്ദ്രശേഖരൻ സ്ഥാനമൊഴിയുന്നില്ല. വ്യാജ അംഗത്വം, കണക്കില്ലാത്ത പിരിവ്, കോടികളുടെ അഴിമതി തുടങ്ങി ഒട്ടേറെ പരാതികളുണ്ട്. വിവിധ കോടതികളിൽ ചന്ദ്രശേഖരനെതിരെ കേസുമുണ്ട്. ഇവയ്‌ക്കെതിരെ നിയമപരമായി പോരാടാനാണ് ഈ കൂട്ടായ്മ. ആശാ സമരം, ട്രേഡ് യൂണിയൻ ഫീസ് വർധന തുടങ്ങിയ വിഷയങ്ങളിൽ ചന്ദ്രശേഖരൻ കോൺഗ്രസ് നയത്തിന് എതിരായിരുന്നു.
എന്നാൽ, പരാതിയുള്ളവർ കോടതിയിലോ വാർത്താസമ്മേളനത്തിലോ അല്ല കേന്ദ്ര കമ്മിറ്റിയെ ആണ് സമീപിക്കേണ്ടതെന്ന് ചന്ദ്രശേഖരൻ ദേശാഭിമാനിയോട് പറഞ്ഞു. അതാണ് സംഘടനാരീതി. ൨൦൨൬ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അഴിമതിയാരോപണങ്ങളെല്ലാം കോടതികൾ തള്ളിയതാണ്. താൻ ഓർഗനൈസിങ് സെക്രട്ടറിയാക്കിയ പരമേശ്വരനാണ് ഇപ്പോൾ സ്ഥാനത്തെത്തിയപ്പോൾ തനിക്കെതിരെ തിരിഞ്ഞതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.










0 comments