ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലാദ്യം : നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ വിശദമായ അവലോകനം നടന്നു

തിരുവനന്തപുരം: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി നടപ്പാക്കിത്തുടങ്ങിയ നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ വിശദമായ അവലോകനം നടന്നതായി മന്ത്രി ആർ ബിന്ദു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദ്, കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ്, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, വിവിധ സർവകലാശാലാ രജിസ്ട്രാർമാർ, പരീക്ഷാ കൺട്രോളർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഉണ്ടായതായും മന്ത്രി വ്യക്തമാക്കി.
വിവിധ മേഖലകൾ തിരിച്ച് കൂടിയാലോചനകൾ നടന്നു. യോഗത്തിലുണ്ടായ പ്രധാന ധാരണകളും പ്രധാന തീരുമാനങ്ങളും ചുവടെ:
സെമസ്റ്റർ പരീക്ഷയും ചോദ്യബാങ്കും
കഴിഞ്ഞ അക്കാഡമിക് വർഷം ആരംഭിച്ച നാലു വർഷ ബിരുദ പ്രോഗ്രാമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം അക്കാഡമിക് കലണ്ടർ അനുസരിച്ചു പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും നടത്താൻ സാധിച്ചു. ഈ വർഷവും അക്കാഡമിക് കലണ്ടർ അനുസരിച്ചു നവംബർ 3 - 18 വരെയുള്ള തീയതികളിൽ ഒന്ന്, മൂന്നു സെമസ്റ്റർ പരീക്ഷ നടത്തുന്നതിനും ഡിസംബർ 15 നകം റിസൾട്ട് പ്രഖ്യാപിക്കുന്നതിനു ആവശ്യമായ നടപടികൾ സർവ്വകലാശാലകൾ സ്വീകരിക്കും.
ചോദ്യ ബാങ്ക് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചില സർവകലാശാലകൾ ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ അത് കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യം വന്നാൽ, നിലവിലെ രീതിയിൽ നവംബറിൽ തന്നെ പരീക്ഷ നടത്താൻ മുൻകരുതൽ എടുക്കും. ചോദ്യബാങ്ക് തയ്യാറാക്കുന്നതിന് എ ഐ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ടും യോഗത്തിൽ ചർച്ച നടന്നു. കൃത്യമായ സ്‌ക്രൂട്ടിനിയോടെ സർവകലാശാലകൾ ഇതിനു സംവിധാനമൊരുക്കും.
സിലബസ് പരിഷ്കരണവും അധ്യാപക പരിശീലനവും
സിലബസുമായി ബന്ധപ്പെട്ടും അധ്യാപക പരിശീലനം സംബന്ധിച്ചും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും സർവകലാശാലകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പദ്ധതികൾ തീരുമാനിച്ചിരുന്നത് സമയബന്ധിതമായി നടപ്പാക്കും.
ഡിസംബറിനകം സർവ്വകലാശാലകൾക്ക് കീഴിലുള്ള മുഴുവൻ കോളേജുകളിലെയും അധ്യാപകർക്ക് കരിക്കുലത്തിലെ മാറ്റങ്ങളെ സംബന്ധിച്ചും എ ഐ അടക്കമുള്ള പഠന രീതികളെ സംബന്ധിച്ചും പരിശീലനം നൽകാൻ സർവ്വകലാശാലകൾ നടപടികൾ സ്വീകരിക്കും.
നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട പരാതിപരിഹാര സംവിധാനങ്ങൾ
മേജർ - മൈനർ തിരഞ്ഞെടുക്കുന്ന കാര്യത്തിലും മറ്റും, സർവകലാശാല റെഗുലേഷനിൽ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുള്ള എല്ലാ വ്യവസ്ഥകളും നടപ്പിലാക്കുന്നു എന്ന് സർവകലാശാല ഉറപ്പു വരുത്തണം. ഇതിനായി ഒരു പോർട്ടൽ അടക്കമുള്ള സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത് പ്രാവർത്തികമാക്കും. നാലു വർഷ ബിരുദവുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികളുടെ പരാതികളും ആശങ്കകളും പരിഹരിക്കാൻ സർവ്വകലാശാലകൾ സ്ഥിരം സംവിധാനം രൂപീകരിക്കും.
സർവകലാശാലാ തല മോണിറ്ററിങ്
സംസ്ഥാന തലത്തിൽ നടക്കുന്നതു പോലെ സർവകലാശാല തലത്തിലും എല്ലാ മാസവും എഫ്വെെയുജിപി വലോകനം നടത്തും. സർവകലാശാലതല എഫ്വെെയുജിപി മോണിറ്ററിങ് കമ്മിറ്റി സിന്റിക്കേറ്റിന്റെ നേതൃത്വത്തിൽ രൂപീകരിക്കും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുക എന്നതിനാകും മുൻഗണന. ആവശ്യമെങ്കിൽ, അതിനായി ചട്ടങ്ങളും റെഗുലേഷനും ഭേദഗതി ചെയ്തും സർവ്വകലാശാലകൾ അക്കാഡമിക് സമൂഹത്തിനു പിന്തുണ ഉറപ്പാക്കും.
ഗ്രേസ് മാർക്ക്
നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും ക്രെഡിറ്റും അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറായിട്ടുണ്ട്. സർക്കാർ നിർദ്ദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ ഇത് സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. സർവ്വകലാശാലകൾ അവ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കും.
എൻസിസി, എൻഎസ്എസ് തുടങ്ങിയ പദ്ധതികളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് അത്തരം പ്രോഗ്രാമുകളെ വാല്യൂ ആഡഡ് കോഴ്സുകൾ ആക്കി ക്രെഡിറ്റ് നേടാനും അവസരമൊരുക്കിയിട്ടുണ്ട്. അതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കിഎത്തും സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. ഇവയും അടിയന്തിര പ്രാധാന്യത്തോടെ സർവ്വകലാശാലകൾ നടപ്പിൽ വരുത്തും.
നൈപുണ്യ വികസനം
സംസ്ഥാനത്തു നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നാം നൽകുന്നുണ്ട്. നിലവിൽ നിരവധി സർക്കാർ ഏജൻസികളെ അതിനായി എംപാനൽ ചെയ്തിട്ടുണ്ട്. ക്രെഡിറ്റ് നൽകാവുന്ന കോഴ്സുകളുടെ പട്ടിക വിവിധ സർവ്വകലാശാലകൾക്ക് കൈമാറിയതിൽ സർവ്വകലാശാലകൾ അടിയന്തിരമായി തീരുമാനങ്ങൾ തീരുമാനങ്ങൾ കൈക്കൊള്ളും.
എല്ലാ കോളേജുകളിലും സർവകലാശാലകളിലും നൈപുണ്യ വികസന കേന്ദ്രങ്ങൾ (CSDCCPs ) രൂപീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കാനും ഈ കേന്ദ്രങ്ങൾ വഴി ക്രെഡിറ്റ്-ലിങ്ക്ഡ് ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ നൽകാനും സർവ്വകലാശാലകൾ നടപടികളെടുക്കും.
എഫ്വെെയുജിപി പാഠ്യപദ്ധതിയിൽ നൈപുണ്യ വികസന കോഴ്‌സുകളുടെ സംയോജനം സാധ്യമാക്കുന്നതിന്, യൂണിവേഴ്‌സിറ്റി-ലെവൽ CSDCCP സ്ഥാപിക്കും. നൈപുണ്യ കോഴ്‌സുകളുടെ സുഗമമായ ഏകോപനവും ഫലപ്രദമായ വിതരണവും ഉറപ്പാക്കാൻ കോളേജ്-ലെവൽ CSDCCP-കളുമായി ഏകോപനം നടക്കും.
ഹോണേഴ്‌സ് വിത്ത് റിസർച്ച് പ്രോഗ്രാം
ഹോണേഴ്‌സ് വിത്ത് റിസർച്ച് പ്രോഗ്രാം അവസരങ്ങൾ കൂടുതൽ ലഭ്യമാക്കേണ്ടതുണ്ട്. യുജിസി റിസർച്ച് റെഗുലേഷൻ പ്രകാരം യോഗ്യരായ അഫിലിയേറ്റഡ് കോളേജ് അദ്ധ്യാപകർക്ക് റിസർച്ച് ഗൈഡ് ഷിപ്പ് നൽകാൻ സർവ്വകലാശാലകൾ നടപടികൾ സ്വീകരിക്കും.
ഓൺലൈൻ കോഴ്സുകൾ
മേജർ വിഷയങ്ങൾ മാറിയ വിദ്യാർത്ഥികൾക്കും, മറ്റു സർവ്വകലാശാലകളിൽ നിന്ന് മാറി വന്ന വിദ്യാർത്ഥികൾക്കും, അക്സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും വേണ്ട അധിക ക്രെഡിറ്റുകൾ ലഭ്യമാക്കാൻ നടപടികൾ ഉണ്ടാവും. ഓൺലൈൻ കോഴ്സുകളോ ഡിസ്റ്റൻസ് കോഴ്സുകളോ ഇതിൽ പരിഗണിക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സർവ്വകലാശാലകളും ഇത്തരം കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.
ഓൺലൈൻ ആയി കോഴ്സുകൾ നൽകാനുള്ള ഒരു പ്ലാറ്റ് ഫോം (K-learn ) എന്ന പേരിൽ കെ റീപ് പദ്ധതിയുടെ ഭാഗമായി ഉന്നതവിദ്യഭ്യാസ കൗൺസിൽ ലഭ്യമാക്കും .ഇതുവഴി വിദ്യാർത്ഥികൾക്ക് വേണ്ട കോഴ്സുകൾ മികച്ച അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കി നൽകാൻ സർവ്വകലാശാലകൾ നടപടികളെടുക്കും. ഇതിനൊരു മാർഗ്ഗരേഖ ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കും.
ബിരുദ പ്രോഗ്രാമുകളുടെ പുനഃസംഘടന
നിലവിലെ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശന നിരക്ക് കുറയുന്ന വിഷയങ്ങളെ കൂടുതൽ ആധുനികവത്കരിക്കും. അവയെ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാമുകൾ ആയി പുനഃക്രമീകരിക്കും. അതിനുള്ള മാർഗരേഖകൾ തയാറായിട്ടുണ്ട്. താല്പര്യമുള്ള കോളേജുകൾക്ക് നിലവിലെ അധ്യാപകരെയും ഭൗതിക സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി ഇത്തരം കോഴ്സുകൾ ആരംഭിക്കാം. ഇതിനു വേണ്ട നടപടികൾ സർവ്വകലാശാലകൾ ആരംഭിക്കും.
ഇന്റേൺഷിപ് അവസരങ്ങൾ
നാലു വർഷ ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭ്യമാക്കാൻ ഇന്റേൺഷിപ് കേരള പോർട്ടൽ ഉടൻ പ്രവർത്തന സജ്ജമാകും. ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളെ ഇക്കാര്യത്തിൽ സഹായിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ കൗൺസിലും സർവകലാശാലകളും സംയുക്തമായി ജില്ലാടിസ്ഥാനത്തിൽ അദ്ധ്യാപക പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനമായി.
പിജി , ബി വോക് പ്രോഗ്രാമുകളുടെ കരിക്കുലം പരിഷ്കരിക്കാൻ മാതൃക കരിക്കുലം തയ്യാറാക്കിയിട്ടുള്ളതിൽ അടിയന്തിരമായി സർവ്വകലാശാലകൾ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.









0 comments