ഒപി ടിക്കറ്റിന് ക്യൂ ഒഴിവാക്കാം; ഇ ഹെൽത്ത് സംവിധാനം സജ്ജം

Health Center
വെബ് ഡെസ്ക്

Published on Jul 27, 2025, 02:43 PM | 2 min read

തിരുവനന്തപുരം: ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ സജ്ജമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.


മെഡിക്കൽ കോളേജുകളിലെ 18 സ്ഥാപനങ്ങൾ കൂടാതെ 33 ജില്ല/ജനറൽ ആശുപത്രികൾ, 88 താലൂക്ക് ആശുപത്രികൾ, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 512 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 സ്പെഷ്യാലിറ്റി ആശുപത്രികൾ, മൂന്ന് പബ്ലിക് ഹെൽത്ത് ലാബുകൾ, അഞ്ച് മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. തിരുവനന്തപുരം 121, കൊല്ലം 45, പത്തനംതിട്ട 27, ആലപ്പുഴ 49, കോട്ടയം 45, ഇടുക്കി 27, എറണാകുളം 83, തൃശൂർ 79, പാലക്കാട് 57, മലപ്പുറം 81, കോഴിക്കോട് 68, വയനാട് 33, കണ്ണൂർ 55, കാസർകോട് 30 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിൽ ഇ ഹെൽത്ത് സജ്ജമാക്കിയത്.


ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓൺലൈനായി ഒപി ടിക്കറ്റ്, എം ഇ ഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനങ്ങൾ എന്നിവ അടുത്തിടെ സജ്ജമാക്കി. ഇതുവരെ 2.62 കോടിയിലധികം ജനങ്ങൾ ഇ ഹെൽത്തിലൂടെ സ്ഥിര യുഎച്ച്ഐഡി. രജിസ്ട്രേഷൻ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 8.88 കോടിയിലധികമാണ് ചികിത്സ തേടിയത്. 15.27 ലക്ഷം പേരാണ് ഇ ഹെൽത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്.


ഇ ഹെൽത്തിലൂടെ ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെൽത്ത് പോർട്ടൽ (https://ehealth.kerala.gov.in) വഴിയും എം ഇഹെൽത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാൻസ് ടോക്കൺ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.


എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?


ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.


ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാൻ സാധിക്കും.


എങ്ങനെ അപ്പോയിന്റ്‌മെന്റ് എടുക്കാം?


ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയിന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക. റഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയിന്റ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങൾക്ക്- ദിശ 104, 1056, 0471 2552056, 2551056.



deshabhimani section

Related News

View More
0 comments
Sort by

Home