ad
Deshabhimani

ക്വാണ്ടം ശാസ്ത്രപ്രദർശനം നവംബർ 7 മുതൽ; മന്ത്രി പി രാജീവ് തിരശീല ഉയർത്തി

QUANTUMEXHIBITION
വെബ് ഡെസ്ക്

Published on Oct 29, 2025, 08:04 AM | 2 min read

കൊച്ചി: ആധുനിക ലോകത്ത് വിപ്ലവം സൃഷ്ടിക്കുന്ന ക്വാണ്ടം സയൻസ് എന്ന ശാസ്ത്രലോകത്തേക്ക് വാതിൽ തുറക്കുന്ന ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷന് തിരശീല ഉയർന്നു. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് പ്രദർശനത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. നവംബർ 7 ന് ആരംഭിക്കുന്ന പ്രദർശനം ഫെബ്രുവരി 28 വരെ നാല് മാസങ്ങളിലായി സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ നടക്കും.


ക്വാണ്ടം സയൻസ് പിറന്നതിൻ്റെ നൂറാം വാർഷികമായ 2025, 'ക്വാണ്ടം സയൻസിൻ്റെയും ടെക്നോളജിയുടെയും അന്താരാഷ്ട്രവർഷമായി' ആചരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കേരളത്തിൽ നടക്കുന്ന ആഘോഷങ്ങളിലെ പ്രധാന പരിപാടിയാണ് എക്സിബിഷൻ.


ചടങ്ങിൽ പ്രൊഫ (ഡോ) എം ജുനൈദ് ബുഷ്റി അധ്യക്ഷനായി. മുൻ വൈസ് ചാൻസലർ പ്രൊഫ കെ എൻ മധുസൂദനൻ, കേരള ശാസ്ത്രസാഹിത്യപരിഷത്ത് വൈസ് പ്രസിഡന്റ് ജി സ്റ്റാലിൻ, സിൻഡിക്കേറ്റ് അംഗം പ്രൊഫ ജി സന്തോഷ് കുമാർ, ഫെഡറൽ ബാങ്ക് എറണാകുളം സോൺ സീനിയർ വൈസ് പ്രസിഡൻ്റും സോണൽ ഹെഡ്ഡുമായ സി എം ശശിധരൻ എന്നിവർ ആശംസകൾ അറിയിച്ചു. ഡോ പി ഷൈജു സ്വാഗതവും ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ഡോ ജയന്തി എസ് പണിക്കർ നന്ദിയും പറഞ്ഞു.


ക്വാണ്ടം സയൻസ് സാധാരണക്കാർക്ക് അപ്രാപ്യമാണെന്ന ധാരണ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടാണ് പ്രദർശനം ഒരുക്കുന്നത്. സി വി രാമൻ, മേരി ക്യൂറി, ലിസെ മെയ്റ്റ്നർ എന്നിവരുടെ ജന്മദിനമായ നവംബർ 7 മുതൽ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെയാണ് എക്സിബിഷൻ നടക്കുക. വിദ്യാർത്ഥികൾക്ക് രാവിലെ 10 മണി മുതൽ 4 മണി വരെ പ്രവേശിക്കുന്നതിൽ മുൻഗണനയുണ്ടാകും.


പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, പാനലുകൾ, മത്സരങ്ങൾ എന്നിവ എക്സിബിഷന്റെ ഭാഗമായുണ്ട്. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ തുടങ്ങിയ സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് ക്വാണ്ടം പ്രതിഭാസങ്ങൾ നേരിട്ട് പരിചയപ്പെടാൻ അവസരമൊരുക്കും.


ക്വാണ്ടം പ്രതിഭാസങ്ങളും രാമൻ ഇഫക്ട് പോലുള്ള കണ്ടുപിടുത്തങ്ങളും ഇവിടെ നേരിട്ട് കാണാൻ കഴിയും. സൂപ്പർ കണ്ടക്ടിവിറ്റി, ഫോട്ടോണിക്സ്, നാനോ സയൻസ് തുടങ്ങിയ മേഖലകളിലെ പ്രധാന പരീക്ഷണങ്ങളും ഇന്ത്യൻ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പ്രത്യേക എക്സിബിറ്റുകളുമുണ്ടാകും. പ്രദർശനത്തിലെ കാര്യങ്ങൾ വിശദീകരിക്കാൻ പരിശീലനം ലഭിച്ച യുവശാസ്ത്ര വിദ്യാർഥികളെ 'എക്സ്പ്ലെയിനർമാർ' ആയി എല്ലാ സ്റ്റാളുകളിലും നിയോഗിക്കും. ഇതിനായി ഡിഗ്രി, പിജി സയൻസ് വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. www.q.luca.co.in/ എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്.


കുസാറ്റിലെ സെൻ്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയും കേരള ശാസ്ത്രസാഹിത്യപരിഷത്തും ചേർന്നാണ് എക്സിബിഷൻ ഏകോപിപ്പിക്കുന്നത്. വിവിധ സർവ്വകലാശാലകൾ, കോളേജുകൾ, പ്ലാനിറ്റേറിയം, ലൂക്ക സയൻസ് പോർട്ടൽ എന്നിവർ ഈ ഉദ്യമത്തിന് പിന്തുണ നൽകുന്നു. ആദ്യത്തെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ കുസാറ്റിൽ നവംബർ 7-ന് ആരംഭിച്ചു. തുടർന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ അഞ്ചുദിവസം വീതം പ്രദർശനം നടത്തും.


പ്രദർശന കേന്ദ്രങ്ങൾ:


  • നവംബർ 7-16: കൊച്ചി സർവ്വകലാശാല

  • നവംബർ 21 - 25: കൊല്ലം - ടി കെ എം കോളേജ്

  • നവംബർ 28 - ഡിസംബർ 3: കോട്ടയം - സെന്റ് തോമസ് കോളേജ്, പാല

  • ഡിസംബർ 7 - 11: ആലപ്പുഴ - എസ് എൻ കോളേജ് ചേർത്തല

  • ഡിസംബർ 24 - 30: കോഴിക്കോട് - റിജിയണൽ സയൻസ് സെന്റർ & പ്ലാനറ്റേറിയം

  • ജനുവരി 3 - 8: കാസർകോട് - നെഹ്റു കോളേജ്, കാഞ്ഞങ്ങാട്

  • ജനുവരി 12 - 17: കണ്ണൂർ - വി കെ കൃഷ്ണമേനോൻ വനിതാ കോളേജ്

  • ജനുവരി 20 - 24: വയനാട് - സെൻ്റ് മേരീസ് കോളേജ്, ബത്തേരി

  • ജനുവരി 27 - ഫെബ്രുവരി 2: മലപ്പുറം

  • ഫെബ്രുവരി 5 - 10: തിരുവനന്തപുരം

  • ഫെബ്രുവരി 14 - 19: ഇടുക്കി - കട്ടപ്പന ഗവ. കോളേജ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home