ad
Deshabhimani

വിള്ളലെന്ന്‌ പ്രചരിപ്പിച്ച വീട്‌ സംതൃപ്‌തിയോടെ ഏറ്റുവാങ്ങി; നേർത്ത നനവുപോലുമില്ല

Mundakkai Township Noufal Home

വിള്ളലെന്ന്‌ മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിച്ച വീട്‌ ഏറ്റുവാങ്ങി അൻഷിതയും മകളും പുറത്തേക്ക്‌ വരുന്നു

avatar
സ്വന്തം ലേഖകൻ

Published on May 13, 2026, 03:17 PM | 1 min read

കൽപ്പറ്റ: "വിള്ളൽ' ഉണ്ടായെന്ന്‌ വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിച്ച ‘1 എ–8 –ാം നന്പർ അടക്കമുള്ള പതിനൊന്ന്‌ വീടാണ്‌ ചൊവ്വാഴ്‌ച മുഴുവൻ പരിശോധനകളും പ‍ൂർത്തിയാക്കി മുണ്ടക്കൈ ഉരുൾ അതിജീവിതർക്ക്‌ കൈമാറിയത്‌.


വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ച വീട്ടിൽ ഗുണഭോക്തൃ കുടുംബങ്ങളെയെല്ലാം വിളിച്ചുകൂട്ടി ട‍ൗൺഷിപ്പിന്റെ ഗുണമേന്മ വിശദീകരിച്ചാണ്‌ വീട്‌ കൈമാറിയത്‌. ചില മാധ്യമ പ്രവർത്തകരുടെ വാക്കുകേട്ട്‌ പരാതി ഉന്നയിച്ച എട്ടാം നമ്പർ വീടിന്റെ ഉടമസ്ഥൻ ന‍ൗഫലിന്റെ ഭാര്യ അൻഷിതയാണ്‌ വീട്‌ ഏറ്റുവാങ്ങാൻ എത്തിയത്‌.


യൂത്ത്‌ കോൺഗ്രസും കോൺഗ്രസും മുസ്ലിംലീഗുമെല്ലാം ട‍ൗൺഷിപ് തകർക്കാൻ വ്യാജപ്രചാരണം നടത്തിയ വീട്ടിൽതന്നെയായിരുന്നു ഗുണഭോക്താക്കളുടെ യോഗം. സർക്കാർ ഏജൻസിയായ കിഫ്‌ക്കോണും ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയുമായി (യുഎൽസിസി) ചേർന്നുനടത്തിയ പരിശോധനയ്‌ക്കുശേഷം ഗുണമേന്മയിൽ സംതൃപ്‌തയാണെന്നും വീട്‌ ‘സൂപ്പറാണെന്നും’ അൻഷിത പറഞ്ഞു. ചോർച്ച ഉണ്ടായെന്ന്‌ പ്രചരിപ്പിച്ച ഭാഗത്ത്‌ അപാകമൊന്നും ഇല്ലെന്നും അൻഷിത പറഞ്ഞു.


നിർമാണം പൂർത്തിയായ വീടുകളിൽ വാട്ടർ പ്രൂഫിങ്ങും സ്‌ക്രീഡ്‌ കോൺക്രീറ്റിങ്ങും ചെയ്യുന്നതിനുമുമ്പ്‌ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി നിർമാണ കരാറുകാരായ യുഎൽസിസി നടത്തിയ പരിശോധനയിലായിരുന്നു എട്ടാംനമ്പർ വീട്ടിലെ സിലിങ്ങിൽ നേരിയ നനവ്‌ കണ്ടെത്തിയത്‌. നനവുകണ്ടെത്തിയത്‌ എൻജിനിയർമാർ പെൻസിൽകൊണ്ട്‌ അടയാളപ്പെടുത്തിയ ഭാഗം പൂട്ടിക്കിടന്നവീടിന്റെ ജനലിലൂടെ ഷൂട്ട്‌ ചെയ്‌തായിരുന്നു ചാനലുകളിലെ ‘വിള്ളൽ’ പ്രചാരണം.


നനവുകണ്ടെത്തിയ ഭാഗത്ത്‌ അപ്പോക്‌സി ട്രീറ്റ്‌മെന്റ്‌ നടത്തി വീണ്ടും 24 മണിക്കൂർ പോണ്ടിങ് ടെസ്റ്റ്‌ ചെയ്‌ത്‌ വെള്ളം ഇറങ്ങുന്നില്ലെന്ന്‌ ഉറപ്പുവരുത്തിയിരുന്നു. അപ്പോക്‌സി ട്രീറ്റ്‌മെന്റ്‌ നടത്തിയശേഷം കരാർ പ്രകാരം മുഴുവൻ വീടുകളിലും ചെയ്യുന്ന മൂന്ന്‌ സ്വിമ്മിങ്പൂൾ വാട്ടർപ്രൂഫിങ്ങും രണ്ടുമുതൽ ഏഴുസെന്റീമീറ്റർ കനത്തിലുള്ള സ്‌ക്രീഡ്‌ കോൺക്രീറ്റിങ്ങും പൂർത്തിയാക്കിയാണ്‌ അവസാന ഗുണമേന്മ പരിശോധന നടത്തിയത്‌. അവസാന പരിശോധനയ്‌ക്ക്‌ മുമ്പ്‌ മൂന്നുതവണ 24 മണിക്കൂറിലധികം സമയം വെള്ളം കെട്ടിനിർത്തി പോണ്ടിങ് ടെസ്റ്റ്‌ നടത്തിയാണ്‌ വീട്‌ കൈമാറിയത്‌. അഞ്ചുവർഷം വാറന്റിയും മുഴുവൻ വീടുകൾക്കുണ്ട്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home