print edition പ്രാന്തവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി ശബ്ദിക്കാനാകണം: ഷാജികുമാർ

കണ്ണൂർ : മരണവംശമെന്ന നോവൽ, പുരസ്‌കാരത്തിന് അർഹമാകുന്പോൾ അംഗീകരിക്കപ്പെടുന്നത് അതിലെ കഥാപാത്രങ്ങളാണെന്ന് നോവലിസ്‌റ്റ് പി വി ഷാജികുമാർ പറഞ്ഞു. ആ നോവലിൽ എഴുത്തുകാരനെന്ന ഇടനിലക്കാരൻ മാത്രമാണ് ഞാൻ. പ്രാന്തവൽക്കരിക്കപ്പെട്ടവരും അപമാനിക്കപ്പെട്ടവരും മർദനമേൽക്കുന്നവരെയും ചേർത്തുപിടിക്കുകയാണ് വേണ്ടത്. അവർക്കുവേണ്ടി ശബ്ദിക്കുന്നവരാകണം എഴുത്തുകാർ. പുതിയകാലം കുറച്ചുകൂടി ഗൗരവകരമാണ്. എഴുത്തിന്റെ പേരിൽ ഹിന്ദുത്വശക്തികളാൽ വെല്ലുവിളിക്കപ്പെടുകയും കൊല്ലപ്പെടുകയുംചെയ്യുന്ന കാലമാണ്. എൻ പ്രഭാകരൻ മാഷ് മുന്പ് രാമൻ എന്ന കഥ എഴുതിയിരുന്നു. എന്നാൽ, ഇന്ന് അങ്ങനെയൊരു പേരിടാൻ ചിന്തിക്കേണ്ടിവരും. സത്യത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കൂടെ ഉറച്ചുനിൽക്കാൻ കഴിയണം. എഴുത്ത് തന്നെ രാഷ്‌ട്രീയമാകണം. രാഷ്‌ട്രീയമെന്നത് സർഗാത്മകമായ ജീവിതംകൂടിയാണ്. കുട്ടിക്കാലം മുതൽ എഴുത്തിന്റെ ലോകത്തേക്കും സർഗാത്മകതയിലേക്കും വലിച്ചുകൊണ്ടുപോയത് ദേശാഭിമാനിയാണെന്നും ദേശാഭിമാനി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഷാജികുമാർ പറഞ്ഞു.










0 comments