print edition തുറന്നു 'വനലോകം’

കെ എ നിധിൻ നാഥ്
Published on Nov 25, 2025, 02:30 AM | 1 min read
തൃശൂർ
‘പുലിയെ കണ്ടു, മുതലയെ കണ്ടു, കുരങ്ങ്, പക്ഷികൾ, മാനുകൾ, കാട്ടുപോത്ത് എല്ലാമുണ്ട്.. ഓടിയും ചാടിയുമൊക്കെ അവര് നടക്കുകയാ, എന്ത് രസാ കാണാൻ– കരുമാല്ലൂർ സെന്റ് ലിറ്റിൽ തെരേസാസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി റിത സീനയ്‌ക്ക് പറഞ്ഞിട്ടും മതിയാകുന്നില്ല. കാട്ടിലെ മൃഗങ്ങളെ ടിവിയിലും യൂട്യുബിലുമെല്ലാം കണ്ടതുപോലെ ഇവിടെയും കാണാമെന്ന് റിത പറയുന്പോൾ ‘കുരങ്ങ് അവിടെ ഡാൻസ് കളിക്കുകയാണ്’ എന്ന് അമീറിന്റെ കമന്റെത്തി. തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്ക് കാണാനെത്തിയതാണ് കുട്ടിക്കൂട്ടം.
മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ കാണാൻ കഴിയുന്ന പാർക്ക് എന്ന ആശയം കിഎഫ്‌ബി കരുത്തിലാണ് എൽഡിഎഫ് സർക്കാർ സാധ്യമാക്കിയത്. 336 ഏക്കർ വനഭൂമിയിൽ 372 കോടി രൂപയാണ് അതിവിശാല വനലോക കാഴ്‌ച ഒരുക്കാനായി ചെലവിട്ടത്. ഇന്ത്യയിലെ ആദ്യ ഡിസൈനർ സൂ എന്ന ഖ്യാതി കൂടിയുണ്ട്. ഉദ്‌ഘാടനശേഷം പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടക്കുകയാണ്.
2006ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് പാർക്കിന് കല്ലിട്ടത്. എന്നാൽ, പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാർ ഫണ്ട് നീക്കിവച്ചില്ല. ഒന്നാംപിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷം കിഫ്‌ബി വഴി ഫണ്ട് അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.









0 comments