പുത്തുമല ദുരന്തത്തിന് ഏഴാണ്ട്; നോവുണങ്ങാതെ കണ്ണീർമല

ഉരുൾപൊട്ടിയൊഴുകിയ പുത്തുമല പ്രദേശം
കൽപ്പറ്റ: മല പൊട്ടിയൊഴുകി പുത്തുമല ഇല്ലാതായി. 17 മനുഷ്യജീവൻ പൊലിഞ്ഞു. 18 ദിവസം നീണ്ട തിരച്ചിലിൽ 12 മൃതദേഹം കണ്ടെടുത്തു. അഞ്ചുപേരെ പുഴയൊഴുക്കി. ചാലിയാർവരെ നീണ്ട തിരച്ചിലിലും ഇവരെ കണ്ടെത്താനായില്ല. കേരളം നടുങ്ങിയ പുത്തുമല ഉരുൾദുരന്തിന് ശനിയാഴ്‌ച ഏഴാണ്ട്.
2019 ആഗസ്‌ത് എട്ടിനാണ് പുത്തുമല ഇല്ലാതായത്. ദുരന്തത്തിൽ 103 വീടും ഹെക്ടർകണക്കിന് കൃഷിയും നശിച്ചു. തുടർച്ചയായി രണ്ടുദിനം അതിതീവ്ര മഴപെയ്തു. ഒരുപകൽ നീണ്ട പരിശ്രമത്തിലൂടെ പ്രദേശത്തെ കുടുംബങ്ങളെ ഒഴിപ്പിച്ചു. അന്ന് വൈകിട്ട് നാലിന് പുത്തുമല ഉരുളെടുത്തു. വളർത്തുമൃഗങ്ങളെ നോക്കാനും സാധനങ്ങൾ എടുക്കാനുമായി വീട്ടിലേക്കെത്തിയവരായിരുന്നു ഉരുൾ കൊണ്ടുപോയവരിൽ അധികവും.
ഓരോകുടുംബത്തിനും സർക്കാർ പതിനായിരം രൂപവീതം അടിയന്തര സഹായം നൽകി. 53 കുടുംബങ്ങളെ ആറുമാസം വാടകയ്‌ക്ക് താമസിപ്പിച്ചു. വീടൊന്നിന് മാസം മൂവായിരം രൂപ വാടക നൽകി. പുനരധിവാസത്തിന് സർക്കാർ 10 ലക്ഷം രൂപവീതം അനുവദിച്ചു. മേപ്പാടി പൂത്തക്കൊല്ലിയിൽ ഏഴേക്കർ സ്വകാര്യ ട്രസ്റ്റ് നൽകി. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ 53 വീടുകൾ നിർമിച്ചു.
ദുരന്തത്തിന്റെ ഓർമ മായുംമുമ്പാണ് 2024ൽ പുഞ്ചിരിമട്ടം പൊട്ടി മുണ്ടക്കൈയും ചൂരൽമലയും ഒലിച്ചുപോയത്. 298 ജീവനുകൾ പുന്നപ്പുഴ കൊണ്ടുപോയി.










0 comments