46 എയ്‌ഡഡ് സ്‌കൂളുകൾക്ക് 48 ബാച്ച്, സർക്കാർ സ്‌കൂളുകൾ 12 മാത്രം
പ്ലസ് വൺ അധിക ബാച്ച്: മലപ്പുറത്തെ സർക്കാർ സ്‌കൂളുകളെ തഴഞ്ഞ് ലീഗ്; കോടികളുടെ ഇടപാടെന്ന് ആരോപണം

പൊതുവിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ
സ്വന്തം ലേഖകൻ
Published on Aug 07, 2026, 07:41 AM | 1 min read
മലപ്പുറം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണാനെന്ന പേരിൽ മലപ്പുറം ജില്ലക്ക് 60 ബാച്ചുകൾ അനുവദിച്ചപ്പോൾ സർക്കാർ സ്‌കൂളുകളെ തഴഞ്ഞ് യുഡിഎഫ് സർക്കാർ. പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യംചെയ്യുന്ന മുസ്ലിംലീഗ് സ്വന്തക്കാർക്കും എയ്‌ഡഡ് മാനേജ്‌മെന്റുകൾക്കും സീറ്റുകൾ വീതംവച്ചു. ഇതുവഴി കോടികളുടെ ഇടപാട് നടന്നതായാണ് ആരോപണം.
ജൂലൈ 22ന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങിയപ്പോൾ ഭൂരിഭാഗം ബാച്ചുകളും ലഭിച്ചത് എയ്‌ഡഡ് മേഖലയ്‌ക്ക്. 46 എയ്‌ഡഡ് സ്‌കൂളുകളിലായി 48 ബാച്ചുകൾ നൽകിയപ്പോൾ 12 സർക്കാർ സ്‌കൂളുകളിൽ 12 ബാച്ചുകളാണ് അനുവദിച്ചത്. എയ്‌ഡഡ് സ്‌കൂളുകളിൽ സയൻസ്– 26, കൊമേഴ്‌സ്– 19, ഹ്യുമാനിറ്റീസ് 15 എന്നിങ്ങനെ ബാച്ചുകൾ നൽകിയപ്പോൾ സർക്കാർ സ്‌കൂളുകളിൽ സയൻസ്– മൂന്ന്, കൊമേഴ്‌സ് –നാല്, ഹ്യുമാനിറ്റീസ് –അഞ്ച് എന്നിങ്ങനെയാക്കി പരിമിതപ്പെടുത്തി.
ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ ട്രസ്‌റ്റിന്റെ ഉടമസ്ഥതതയിലുള്ള ചേരൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്‌കൂളിനും ലീഗ് തിരൂർ മണ്ഡലം പ്രസിഡന്റ് മാനേജറായ കല്ലിങ്ങൽപ്പറന്പ് എംഎസ്‌എം ഹയർ സെക്കൻഡറി സ്‌കൂളിനും പ്രത്യേക പരിഗണന നൽകി. രണ്ട് സ്‌കൂളിലും രണ്ടുവീതം സയൻസ്, കൊമേഴ്‌സ് ബാച്ചുകളാണ് അനുവദിച്ചത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾമുതൽ പുതിയ ബാച്ചും തസ്‌തികയും അനുവദിക്കാനും എയ്‌ഡഡ് മാനേജ്‌മെന്റുകൾക്ക് മാർഗനിർദേശം നൽകാനുമായി ജില്ലയിൽ യുവ എംഎൽഎക്ക് ചുമതല നൽകിയിരുന്നു. ലീഗ്– യുഡിഎഫ് അനുകൂല മാനേജ്‌മെന്റ് പ്രതിനിധികളെ ബന്ധപ്പെട്ട് പുതിയ ബാച്ചിനുള്ള അപേക്ഷ മുൻകൂട്ടി തയ്യാറാക്കി. പുതിയ കോന്പിനേഷനിൽ ബാച്ചുകൾ ആരംഭിച്ചാൽ അധ്യാപക– അനധ്യാപക തസ്‌തികകൾ സൃഷ്ടിക്കാനാകുമെന്നും അറിയിച്ചു.
വിഷയത്തിൽ ജില്ലാ പഞ്ചായത്ത് പിന്നാക്കംപോയത് സർക്കാർ സ്‌കൂളുകൾക്ക് വിനയായി. പിടിഎ കമ്മിറ്റികളുടെ ഇടപെടലിൽ ഇത്തരം സ്‌കൂളുകൾ പുതിയ ബാച്ചുകൾക്കായി അപേക്ഷ നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഭൂരിഭാഗവും തള്ളി.










0 comments