"വെള്ളം മുറിക്കുള്ളിലെത്തി, ഇനി പിടിച്ചുനിൽക്കാനാവില്ല'; വീടുവിട്ട് കുട്ടനാട്ടുകാർ

മങ്കൊമ്പിലെ വീട്ടിൽ വെളളം കയറിയതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് മാറുന്ന പയസ്
സ്വന്തം ലേഖകൻ
Published on Aug 07, 2026, 08:06 AM | 1 min read
ആലപ്പുഴ: "സാധാരണ അടുക്കളവരെ വെള്ളംകയറാറുണ്ട്. അന്നേരം ഭക്ഷണം പാകംചെയ്യുന്നത് മറ്റൊരു മുറിയിലേക്ക് മാറ്റി വീട്ടിൽതന്നെ തുടരുകയാണ് പതിവ്. എന്നാൽ ഇക്കുറി മൂന്നുദിവസമായി വെള്ളം കൂടുതലായി കയറുകയാണ്. മുറികളിലെല്ലാം വെള്ളമായി. വീടിന്റെ ഭിത്തിയിലൊട്ടിച്ച ടൈൽസിന് മുകളിൽ വരെയായി ജലനിരപ്പ്. കുടുംബം നേരത്തെ മാറി. ഇനി തുടരാനാകില്ല. 2018ലെ പ്രളയസമയത്ത് മാത്രമാണ് ഇതിൽക്കൂടുതൽ വെള്ളം കയറിയത്'. മങ്കൊമ്പിലെ വീടുവിട്ട് ആശങ്കയോടെ ബന്ധുവീട്ടിലേക്ക് പോകവെ അധ്യാപകനായ പയസ് തോമസ് എബ്രഹാം പറഞ്ഞു.
"ഗാന്ധിമാര്‍ഗ് റോഡ് മുങ്ങി. വെള്ളപ്പൊക്കം രൂക്ഷമായതോടെ ചുറ്റുമുള്ള മിക്കവീട്ടുകാരും ചങ്ങനാശേരിയടക്കം മേഖലകളിലെ ബന്ധുവീടുകളിലേക്ക് മാറി. അല്ലാത്തവര്‍ ക്യാമ്പുകളിലേക്ക് മാറി. സാധാരണ വെള്ളംകയറിത്തുടങ്ങുമ്പോള്‍ ആളുകള്‍ കുട്ടികളെയെല്ലാം സുരക്ഷിതമായി ബന്ധുവീടുകളിലാക്കും. വീട് ഉപേക്ഷിച്ച് പോകാനാകാത്തതിനാൽ മുതിര്‍ന്നവര്‍ തുടരും. എന്നാൽ ഇത്തവണ വെള്ളപ്പൊക്കം രൂക്ഷമാണ്. ജലനിരപ്പ് കാര്യമായി കുറയുന്നില്ല.
പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വീണ്ടും അതിശക്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ ആശങ്കയുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവുകൂടിയാൽ 2018ന് സമാന പ്രളയസ്ഥിതിയിലാകും'. പയസ് പറഞ്ഞു. ദിവസങ്ങളായിട്ടും ജലനിരപ്പ് കുറയാത്തതോടെ വീടുകളിൽ തുടര്‍ന്നവര്‍ കൂട്ടത്തോടെ സുരക്ഷിതമേഖലകളിലേക്ക് മാറുന്നകാഴ്‍ചയാണ് മങ്കൊമ്പടക്കം കുട്ടനാട്ടിലെ വിവിധ മേഖലകളിൽ.
തോണിയിലും ട്രാക്‍ടറിലും ലോറികളിലുമായും വെള്ളത്തിലൂടെ നടന്നും എസി റോഡിലെത്തി ബസിലും മറ്റുമായി ബന്ധുവീടുകളിലേക്ക് മാറുകയാണ് ആളുകള്‍. ക്യാമ്പുകളടക്കം മുങ്ങുന്ന സാഹചര്യമാണെന്നും ദുരിതബാധിതര്‍ പറയുന്നു.









0 comments